ഇടുക്കിയില്‍ ജലനിരപ്പ് 2401.04 അടി; പ്രളയബാധിക പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

2400 അടിയില്‍ എത്തിയതിന് ശേഷമെ ഷട്ടറുകള്‍ അടക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളെന്ന് അധികൃതര്‍ വ്യക്തമാക്കി
ഇടുക്കിയില്‍ ജലനിരപ്പ് 2401.04 അടി; പ്രളയബാധിക പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

തിരുവനന്തപുരം: ഇടുക്കി അണക്കെിലെ ജലനിരപ്പില്‍ വീണ്ടും നേരിയ കുറവ്. 2401.04 അടിയായിട്ടാണ് ജലനിരപ്പ് കുറഞ്ഞിരിക്കുന്നത്. 2400 അടിയില്‍ എത്തിയതിന് ശേഷമെ ഷട്ടറുകള്‍ അടക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അതിനിടെ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനായി മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. ശംഖുമുഖത്തെ വ്യേമസേന ആസ്ഥാനത്ത് നിന്നും ഹെലികോപ്റ്ററിലാണ് സംഘം പുറപ്പെട്ടിരിക്കുന്നത്. 

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ഇടുക്കിയിലേക്കാവും മുഖ്യമന്ത്രി ആദ്യം  എത്തുക. കട്ടപ്പന ഗവ.കോളെജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 

മൂന്നിടങ്ങളില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രിയും സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തും. എറണാകുളത്തും, വടക്കന്‍ ജില്ലകളിലെ പ്രളയ മേഖലകളും സംഘം നിരീക്ഷിക്കും. 

പ്രളയക്കെടുതിയില്‍ ഇതുവരെ 29 മരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് പതിനൊന്ന് ജില്ലകളില്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം,ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇടമലയാറിലെ ജലനിരപ്പ് നിയന്ത്രിച്ച് ഇടുക്കിയിലെ ജലം കൂടുതലായി ഒഴുക്കിയതിലൂടെയാണ് പെരിയാറിന്റെ തീരത്ത് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഒഴിവായത്. പെരിയാറില്‍ രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് ആലുവയെ ഉള്‍പ്പെടെ കാര്യമായി ബാധിച്ചിട്ടില്ല. വേലിയിറക്ക സമയത്ത് ഇടുക്കിയിലെ ജലം കൂടുതലായി തുറന്നു വിട്ടതും ഗുണകരമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ആലുവയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി സൈന്യം വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിയിരുന്നു. ' ഓപറേഷന്‍ സഹായോഗ്' എന്നാണ് മിഷന് നല്‍കിയിരിക്കുന്ന പേര്. വിവിധ ജില്ലകളിലായി 53,501 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂഴിയാര്‍ മണിയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെ പമ്പാ നദിയും കരകവിഞ്ഞിട്ടുണ്ട്. ഇതോടെ അപ്പര്‍ കുട്ടനാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com