ഇടുക്കിയില്‍ വീണ്ടും മഴ കനക്കുന്നു ; ഡാമിലേക്ക് ഒഴുകിയെത്തുന്നത് 478 ക്യൂമെക്‌സ് വെള്ളം , നീരൊഴുക്ക് 120 ക്യൂമെക്‌സ് എത്തുന്നതുവരെ ഷട്ടര്‍ തുറന്നു വച്ചേക്കും

2400.52 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്
ഇടുക്കിയില്‍ വീണ്ടും മഴ കനക്കുന്നു ; ഡാമിലേക്ക് ഒഴുകിയെത്തുന്നത് 478 ക്യൂമെക്‌സ് വെള്ളം , നീരൊഴുക്ക് 120 ക്യൂമെക്‌സ് എത്തുന്നതുവരെ ഷട്ടര്‍ തുറന്നു വച്ചേക്കും

ഇടുക്കി : ഇടുക്കി ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ് വീണ്ടും ശക്തമായ മഴ ആരംഭിച്ചത്. ഷട്ടറുകള്‍ എല്ലാം തുറന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 2400.52 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അതേസമയം വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ഗണ്യമായ കുറവില്ലെന്നാണ് സൂചന.

478 ക്യൂമെക്‌സ് വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. 750 ക്യൂമെക്‌സ് വെള്ളം ഒഴുക്കി കളയുകയും, 116 ക്യൂമെക്‌സ് വെള്ളം വൈദ്യുതി ഉത്പാദനത്തിനായി മൂലമറ്റത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. മഴ കുറഞ്ഞ് നീരൊഴുക്ക് 120 ക്യൂമെക്സ് എത്തുന്നതു വരെ ഡാമിന്റെ ഷട്ടർ തുറന്നു വെക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 

20 മണിക്കൂര്‍ കൊണ്ട് ജലനിരപ്പ് ഒരടി കുറഞ്ഞത് ആശ്വാസമായെന്നാണ് കെഎസ്ഇബി അധികൃതരുടെ വിലയിരുത്തല്‍. എന്നാൽ ജലനിരപ്പ് 2400 അടിയിലെത്തിയാലും തൽക്കാലം ഷട്ടർ അടയ്ക്കേണ്ടെന്നും അധികൃതർ തീരുമാനിച്ചു. സ്ഥിതി വിലയിരുത്തിയ ശേഷം, പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും. 

തിങ്കഴാഴ്ച വരെ ഇടുക്കി ജില്ലയില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നത് മഴ കനക്കാന്‍ ഇടയാക്കുമെന്നാണ് പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com