കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദികര്‍ :  അന്വേഷണസംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്തേക്കും

ജലന്ധര്‍ രൂപതയിലെ നാലു വൈദികരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി
കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദികര്‍ :  അന്വേഷണസംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്തേക്കും

ജലന്ധര്‍: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ബിഷപ്പ് ഹൗസില്‍ എത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തു ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യല്‍. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അന്വേഷണ സംഘം പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ ജലന്ധര്‍ കന്റോണ്‍മെന്റിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തി മദര്‍ ജനറല്‍, സിസ്റ്റര്‍ റജീന
അടക്കമുള്ള കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. 

ജലന്ധര്‍ രൂപതയിലെ നാലു വൈദികരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദികര്‍ അറിയിച്ചതായാണ് വിവരം. ബിഷപ്പില്‍നിന്ന് കന്യാസ്ത്രീക്ക്  ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും അവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. ജലന്ധര്‍ കന്റോണ്‍മെന്റിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയും അന്വേഷണ സംഘം തെളിവ് ശേഖരിക്കും.

കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ബന്ധു പിന്നീട് നിലപാട് തിരുത്തിയിരുന്നു. വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങളാല്‍ തെറ്റിദ്ധരിച്ച് പരാതി നല്‍കിയതാണെന്നാണ് ബന്ധു പിന്നീട് പൊലീസിനോട് പറഞ്ഞത്. എങ്കിലും ഈ പരാതിയുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കും. ബിഷപ്പ് പീഡീപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിട്ടശേഷമാണ് അന്വേഷണസംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്.വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ജലന്ധര്‍ കമ്മീഷണര്‍ പി കെ സിന്‍ഹയുമായും കൂടിക്കാഴ്ച നടത്തും. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ രൂപത പി ആര്‍ ഓ ഫാ.പീറ്റര്‍ കാവുമ്പുറം അറിയിച്ചു. ബിഷപ്പിനെ പൊലീസ് ട്രെയിനിംഗ് സെന്ററിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ അന്വേഷണസംഘം ബിഷപ്പ് ഹൗസിലെത്തും. വിശ്വാസികള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് രൂപത അധികൃതര്‍ പൊലീസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com