ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു ; ഒരു ഷട്ടര്‍ കൂടി തുറന്നു

ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു ; ഒരു ഷട്ടര്‍ കൂടി തുറന്നു

ഇടുക്കി ഡാമിലെ ജലനിരപ്പ് 2399 അടിയിലെത്തിയെങ്കിലും ഷട്ടറുകള്‍ തുറന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്‌ക്കേണ്ടെന്ന് തീരുമാനം

കൊച്ചി : ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു ഇതേത്തുടര്‍ന്ന് ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. അണക്കെട്ടിലെ മൂന്നു ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. മൂന്നു ഷട്ടറുകളില്‍ കൂടി 300 ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 168.91 അടിയാണ്. ഡാമിലെ ജലനിരപ്പ് പരമാവധി ശേഷിയിൽ നിർത്തുക ലക്ഷ്യമിട്ടാണ് അധികൃതരുടെ നടപടി. 

അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് താഴുന്നത് ആശ്വാസകരമാണ്. ഇടുക്കിയിലെ ജലനിരപ്പ് ഇപ്പോള്‍ 2398.68 അടിയാണ്. ഇടുക്കി- ചെറുതോണി അണക്കെട്ടില്‍ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വെള്ളമൊഴുക്കി വിടുന്നത് മൂന്നാം ദിവസവും തുടര്‍ന്നതോടെയാണ് ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവു വന്നിട്ടുണ്ട്. അതേസമയം വൃഷ്ടി പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട തരത്തില്‍ മഴ തുടരുന്നുണ്ട്. 

ജലനിരപ്പ് 2399 അടിയിലെത്തിയെങ്കിലും ഷട്ടറുകള്‍ തുറന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്‌ക്കേണ്ടെന്നാണ് തീരുമാനം. രണ്ട് ദിവസം തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നത്. അന്നു മുതല്‍ സെക്കന്‍ഡില്‍ 7,50,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. 

ചെറുതോണി പുഴ പാലത്തിന് മുകളിലൂടെ നിറഞ്ഞൊഴുകുകയാണ്. ഇതോടെ കട്ടപ്പനയിലേക്കുള്ള ഗതാഗതം തുടര്‍ച്ചയായ മൂന്നാം ദിവസവും തടസ്സപ്പെട്ടു. അടിയന്തിര സാഹചര്യം നേരിടാന്‍ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങളെല്ലം സര്‍വസജ്ജരായി രംഗത്തുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com