'സാന്റിയാഗോ മാര്‍ട്ടിന്റെ പണം വാങ്ങിയാല്‍ എന്താണ് ? ബാക്കിയുള്ളവരുടെ പണം നല്ല പണവും അയാളുടേത് മോശം പണവുമെന്ന നിലപാടിനോട് യോജിപ്പില്ല' ; വിവാദങ്ങളില്‍ മനസ്സു തുറന്ന് ഇ പി ജയരാജന്‍

ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയപ്പോള്‍ ഒരു ഭാഗത്തുനിന്നും സംരക്ഷണം കിട്ടിയില്ല. സംരക്ഷണം കിട്ടാതിരുന്നതിനുള്ള കാരണവും എനിക്കറിയാം
'സാന്റിയാഗോ മാര്‍ട്ടിന്റെ പണം വാങ്ങിയാല്‍ എന്താണ് ? ബാക്കിയുള്ളവരുടെ പണം നല്ല പണവും അയാളുടേത് മോശം പണവുമെന്ന നിലപാടിനോട് യോജിപ്പില്ല' ; വിവാദങ്ങളില്‍ മനസ്സു തുറന്ന് ഇ പി ജയരാജന്‍

കൊച്ചി : ബന്ധു നിയമന വിഷയത്തില്‍ സിപിഎമ്മിന്റെ അച്ചടക്ക നടപടിയെ തള്ളിപ്പറഞ്ഞ് ഇപി ജയരാജന്‍. കേന്ദ്രക്കമ്മിറ്റി തന്നെ ശാസിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു. എന്താണ് അതിന്റെ ആവശ്യം. ശാസിക്കാന്‍ മാത്രമുള്ള കാരണമുണ്ടായിട്ടില്ല. അതു പത്രക്കാരോട് പറഞ്ഞപ്പോള്‍ പരസ്യശാസനയായി. എന്തായാലും ഞാനത് ഗൗരവമായി എടുത്തിട്ടില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. മലയാള മനോരമ വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇടവേളയ്ക്ക് ശേഷം, സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സിപിഎം നേതാവ് ഇപി ജയരാജന്‍ മനസ്സ് തുറന്നത്. 

ദേശാഭിമാനിക്ക് വേണ്ടി ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പരസ്യം വാങ്ങിയ സംഭവത്തിലും ഇതുപോലെ തന്നെയാണ് ഉണ്ടായത്. പരസ്യം വളരെ ലീഗലായി പലരോടും വാങ്ങിയിട്ടുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ അടുത്തുനിന്ന് വാങ്ങാന്‍ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? അയാളോട് പണം വാങ്ങിയാല്‍ എന്താണ് ? ബാക്കിയുള്ളവരുടെ പണം നല്ല പണവും അയാളുടേത് മോശം പണവും എന്ന നിലപാടിനോട് യോജിപ്പില്ല. ഞാന്‍ അതിന്റെ തര്‍ക്കത്തിലേക്കൊന്നും പോയിട്ടില്ല. ജാഗ്രതക്കുറവുണ്ടായി എന്നു പറഞ്ഞാല്‍ അതുകൊണ്ട് തീരട്ടെ എന്നു കരുതിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സാന്റിയാഗോ മര്‍ട്ടിന്‍ കേരളത്തില്‍ ഏത് പത്രത്തിനാണ് പരസ്യം കൊടുക്കാതിരുന്നത് ? മദ്യവ്യവസായികളില്‍ നിന്ന് പലതിനും സംഭാവന വാങ്ങുന്നില്ലേ ? അങ്ങനെയെങ്കില്‍ അത് വാങ്ങാന്‍ പറ്റുമോ ?  പരസ്യത്തിന് മുന്‍കൂര്‍ പണം വാങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനമാണുള്ളത്. ബാങ്ക് ടു ബാങ്ക് ഇടപാടാണ് നടന്നത്. മാര്‍ട്ടിന്‍ കുറ്റക്കാരനാണെങ്കില്‍ നിയമം അയാളെ ശിക്ഷിച്ചുകൊള്ളട്ടെ എന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയപ്പോള്‍ ഒരു ഭാഗത്തുനിന്നും സംരക്ഷണം കിട്ടിയില്ല. സംരക്ഷണം കിട്ടാതിരുന്നതിനുള്ള കാരണവും എനിക്കറിയാം.  എന്നാല്‍ അതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ചിലരുടെ താല്‍പ്പര്യങ്ങള്‍ക്ക് തടസ്സമാകുമെന്ന് തോന്നിയപ്പോള്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ കൊണ്ട് ചെയ്യിച്ചതാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അങ്ങനെ ചെയ്യിക്കണമെങ്കില്‍ലഘുവായ ഇടപെടല്‍ കൊണ്ട് പറ്റില്ല. ജേക്കബ് തോമസിന് മുകളില്‍ എന്തോ സമ്മര്‍ദ്ദമുണ്ടായി എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഇ പി ജയരാജന്‍ പറയുന്നു. 

എന്തായാലും എനിക്കൊന്നുമില്ല എന്ന നിലയിലാണ് ഞാന്‍. അതുകൊണ്ട് തന്നെ എനിക്ക് എന്റെ നില നോക്കുന്നതാണ് ഭേദം എന്ന അവസ്ഥയിലേക്ക് ഞാന്‍ മാറി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തിന്റെ പിന്നാലെ നടക്കുന്ന രാഷ്ട്രീയത്തെ കുറിച്ചല്ല ജനസേവനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. അതിന് മന്ത്രിപ്പണിയൊന്നും വേണമെന്നില്ലെന്നും ജയരാജന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com