തെളിവുകള്‍ ലഭിച്ചു; ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

തെളിവുകള്‍ ലഭിച്ചു; ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കഴിഞ്ഞ ദിവസം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ക്രമസമാധാനം തകരുമെന്ന് കണക്കാക്കി ഇത് മാറ്റിവെക്കുകയായിരുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ബിഷപ്പിനെതിരേ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തുവന്ന സാഹചര്യത്തിലേക്കാണ് അറസ്റ്റിലേക്ക് നീളുന്നത്. കേസില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചു എന്നാണ് സൂചന. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുന്നതിനായി ബിഷപ്പിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള തയാറെടുപ്പിലാണ്. ഉച്ചയോടെ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. 

മിഷനറി ഓഫ് ജീസസ് കന്യാസിനി സമൂഹത്തിലെ നാലു കന്യാസ്ത്രീകളാണ് കഴിഞ്ഞദിവസം പൊലീസിന് മൊഴി നല്‍കിയത്. ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ കന്യാസ്ത്രീകളും രൂപതയിലെ വൈദികനും ബിഷപ്പിനെതിരെ നിര്‍ണായക മൊഴി നല്‍കിയതായാണ് സൂചന. ബിഷപ്പ് നടത്തിയിരുന്ന ഇടയനൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനാ പരിപാടിയില്‍ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകള്‍ പറഞ്ഞു. ജലന്ധറിലെത്തിയ ബിഷപ്പ് കന്യാസ്ത്രീകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാസംഗമം നടത്തി. ഇതിന് പിന്നാലെ കന്യാസ്ത്രീകളെ ഓരോരുത്തരെയായി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കന്യാസ്ത്രീകള്‍ രംഗത്തെത്തി. ഇതോടെ പ്രാര്‍ത്ഥനാ പരിപാടി നിര്‍ത്തുകയായിരുന്നുവെന്ന് കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. 

പ്രാര്‍ത്ഥനയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായതായി നിരവധി കന്യാസ്ത്രീകളുടെ ഭാഗത്തുനിന്നും പരാതികള്‍ ലഭിച്ചെന്ന് വൈദികരും മദര്‍ സുപ്പീരിയറും അന്വേഷണസംഘത്തിന് മൊഴി നല്‍കി. പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ദ്ധരാത്രിയിലും ബിഷപ്പ് കന്യാസ്ത്രീകളെ വിളിപ്പിച്ചിരുന്നതായും മദര്‍ സൂപ്പീരിയര്‍ സ്ഥിരീകരിച്ചു. ഇതോടെ പ്രാര്‍ത്ഥനാ സംഗമം സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com