ജിഎസ്ടി കൂട്ടിയപ്പോള്‍ എംആര്‍പി വര്‍ധിപ്പിച്ചവര്‍ നികുതി കുറച്ചിട്ടും വില താഴ്ത്തുന്നില്ല; സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടി

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് കാക്കനാട്ടും പാലാരിവട്ടത്തും പ്രവര്‍ത്തിക്കുന്ന രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്തു 
ജിഎസ്ടി കൂട്ടിയപ്പോള്‍ എംആര്‍പി വര്‍ധിപ്പിച്ചവര്‍ നികുതി കുറച്ചിട്ടും വില താഴ്ത്തുന്നില്ല; സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടി

കൊച്ചി: ഒട്ടേറെ ഉത്പന്നങ്ങളുടെ ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടും ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് കണ്ടെത്തല്‍.  ജിഎസ്ടി കുറച്ചിട്ടും മിക്ക സാധനങ്ങള്‍ക്കും എംആര്‍പി നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ലീഗല്‍ മെട്രോജി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ജിഎസ്ടി കൂട്ടിയപ്പോള്‍ എംആര്‍പി നിരക്ക് വര്‍ധിപ്പിച്ചവര്‍ ജിഎസ്ടി കുറച്ചപ്പോള്‍ വില കുറക്കാന്‍ തയ്യാറാകാതെ വെട്ടിപ്പ് നടത്തുകയാണെന്നാണ് വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ തെളിഞ്ഞത്.

സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെയുള്ള നികുതി ഇളവ് പ്രഖ്യാപിച്ചവയ്ക്ക് എംആര്‍പി നിരക്കില്‍ മാറ്റം വരുത്താതെ വില്‍പന തുടരുകയാണ്. ചില വസ്തുക്കള്‍ക്ക് 12 ശതമാനവും ചിലതിന് അഞ്ചും മറ്റു ചില ഇനങ്ങള്‍ക്ക് പൂജ്യം ശതമാനമായിട്ടാണ് ജിഎസ്ടി നിരക്ക് കുറച്ചത്.

12ശതമാനമായിരുന്ന സാനിറ്ററി നാപ്കിന്‍ നികുതി പൂജ്യം ശതമാനത്തിലേക്കാണ് താഴ്ത്തിയത്. 40രൂപയുടെ പാക്കറ്റിന് 4രൂപയെങ്കിലും വില കുറവ് ലഭിക്കേണ്ടതാണ്. നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം ജിഎസ്ടി കൗണ്‍സില്‍ സാനിറ്ററി നാപ്കിനുകളുടെ നികുതി പൂര്‍ണമായും ഒഴിവാക്കിയെങ്കിലും സ്‌റ്റോറുകളിലും മെഡിക്കല്‍ സ്‌റ്റോറുകളിലും നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും കുറവുണ്ടായിട്ടില്ലെന്ന് ഉപഭോക്താക്കളും ചൂണ്ടികാട്ടിയിരുന്നു. 

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് കാക്കനാട്ടും പാലാരിവട്ടത്തും പ്രവര്‍ത്തിക്കുന്ന രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്തു. അമിത വില ഈടാക്കിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് 5,000 രൂപയാണ് പിഴ ചുമത്തിയത്. ഒന്നില്‍ കൂടുതല്‍ ഡയറക്ടര്‍മാരോ, പാര്‍ട്ണര്‍മാരോ ഉള്ള സ്ഥാപനമാണെങ്കില്‍ ഓരോരുത്തരും 5,000 രൂപ വീതം പിഴ നല്‍കണം. നികുതി കുറച്ചെങ്കിലും അത് ഡിസ്‌കൗണ്ട് ഓഫര്‍ ആയി കാണിച്ച് ഉപഭോക്താക്കളെ പറ്റിക്കുന്ന നടപടികളും ചില സ്ഥാപനങ്ങള്‍ കൈകൊള്ളുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com