തകര്‍ന്നത് 20,000 വീടുകള്‍, പതിനായിരം കിലോമീറ്റര്‍ റോഡ്; ഉരുള്‍പൊട്ടിയത് 215 തവണ; ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി 

ദുരന്തത്തെ നേരിടുന്നതില്‍ കേരളം മാതൃകാപരമായാണ് പ്രവര്‍ത്തിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ദുരന്തത്തെ നേരിട്ടു
തകര്‍ന്നത് 20,000 വീടുകള്‍, പതിനായിരം കിലോമീറ്റര്‍ റോഡ്; ഉരുള്‍പൊട്ടിയത് 215 തവണ; ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 38 പേരാണ് സമീപദിവസങ്ങളിലെ കാലവര്‍ഷക്കെടുതില്‍ മരിച്ചത്. നാലു പേരെ കാണാതായിട്ടുണ്ടെന്നും മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

8316 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. 20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.  പതിനായിരം കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 27 ഡാമുകള്‍ തുറക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യമാണ്. 215 ഉരുള്‍പൊട്ടലാണ് സംസ്ഥാനത്തുണ്ടായതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സംസ്ഥാനത്തുണ്ടായ ദുരന്തത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിനു ബോധ്യമായിട്ടുണ്ടെന്നാണ് കരുതുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നേരിട്ടെത്തി ഇക്കാര്യങ്ങള്‍ കണ്ടതാണ്. വെള്ളം ഇറങ്ങിയ ശേഷമേ കൃത്യമായ നഷ്ടം കണക്കാക്കാനാവൂ. അതുകൊണ്ട് വീണ്ടും കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ മാനദണ്ഡങ്ങളില്‍ പരിമിതിയുണ്ട്. അതു കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും കേന്ദ്രത്തിനു മുന്നില്‍ വച്ചിട്ടുണ്ട്. നൂറു കോടി അടിയന്തര സഹായം അനുവദിച്ച കേന്ദ്ര നടപടി പോസിറ്റിവ് ആയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ദുരന്തത്തെ നേരിടുന്നതില്‍ കേരളം മാതൃകാപരമായാണ് പ്രവര്‍ത്തിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ദുരന്തത്തെ നേരിട്ടു. ഒരു തരത്തിലുള്ള ഭിന്നതയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ കേരളത്തിന് ഒന്നിച്ചുനില്‍ക്കാനാവുമെന്നാണ് നാം തെളിയിച്ചത്. അതു നല്‍കുന്ന സന്ദേശം വലുതാണ്. ദുരിത ബാധിതരില്‍ അതുണ്ടാക്കുന്ന ആത്മവിശ്വാസം കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അയല്‍സംസ്ഥാനങ്ങള്‍ വലിയ പിന്തുണയും സഹായവുമാണ് കേരളത്തിനു നല്‍കിയത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വ്യക്തികളും സംഘടകളും സഹായിക്കുന്നുണ്ട്. ലോകത്തെങ്ങുമുള്ള മലയാളികള്‍ സഹായിക്കാന്‍ തയാറായി വന്നിട്ടുണ്ട്. 

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്കു കമ്മിഷന്‍ ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. യുഎഇ എക്‌സ്‌ചേഞ്ചും ലുലു എക്‌സ്ചേഞ്ചും ഇതിനു തയാറായിട്ടുണ്ട്. ദുരിതാശ്വാസ സഹായം ലഭിക്കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഒഴിവാക്കാന്‍ ബാങ്കുകളോട് അഭ്യര്‍ഥിക്കും. 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍്ക്കാരിന്റെ ഓണാഘോഷം ഒഴിവാക്കി. വിവിധ വകുപ്പുകള്‍ക്കു ലഭ്യമാക്കിയ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കും. വ്യക്തികളും സ്ഥാപനങ്ങളും ഇതേ മാതൃക പിന്തുടരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചുനിന്ന പ്രതിപക്ഷത്തിനും സംഘടനകള്‍ക്കും മാധ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com