കവി ചെമ്മനം ചാക്കോ അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. 
കവി ചെമ്മനം ചാക്കോ അന്തരിച്ചു

കൊച്ചി:  കവി ചെമ്മനം ചാക്കോ (92) കൊച്ചിയില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. 

മലയാള ഹാസ്യകവിതാമേഖലയെ പുഷ്ടിപ്പെടുത്തിയ കവി എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ആധുനിക കേരളീയ സമൂഹത്തെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിച്ചാണ് അദ്ദേഹം സാഹിത്യമേഖലയില്‍ വേറിട്ട സ്ഥാനം നേടിയെടുത്തത്.

2006ല്‍ സമഗ്രസംഭാവനയ്ക്കുളള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടി. കുഞ്ചന്‍ നമ്പ്യാര്‍ കവിതാ പുരസ്‌കാരം, മഹാകവി ഉളളൂര്‍ കവിതാ അവാര്‍ഡ്, സഞ്ജയന്‍ അവാര്‍ഡ്, പി സ്മാരക അവാര്‍ഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി. 

കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വെളളിയാഴ്ചയാണ് ആരോഗ്യസ്ഥിതി വഷളായത്. മക്കളായ ഡോ ശോഭയുടെയും ഭര്‍ത്താവ് ഡോ ജോര്‍ജിന്റെയും പരിചരണത്തിലായിരുന്നു.

1926 മാർച്ച് 7ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ ജനിച്ചത്. കുടുംബ പേരാണ് ചെമ്മനം. പിതാവ് യോഹന്നാൻ കത്തനാർ വൈദികനായിരുന്നു. പിറവം സെന്റ് ജോസഫ്സ് ഹൈസ‌്‌കൂൾ,​ ആലുവ യു.സി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി.

അതിന് ശേഷം പിറവം സെന്റ്. ജോസഫ്സ് ഹൈസ്‌കൂൾ, പാളയംകോട്ട സെന്റ് ജോൺസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി നോക്കി. 1968 മുതൽ 86 വരെ കേരളസർവകലാശാലയിൽ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടറായും ജോലി നോക്കി.

1940കളിലാണ് സാഹിത്യ ജീവിതത്തിന് തുടക്കം കുറിച്ചത്. 1946ൽ ചക്രവാളം മാസികയിൽ 'പ്രവചനം 'എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. 47ൽ വിളംബരം എന്ന കവിതാസമാഹാരം പുറത്തിറക്കി. 1965ൽ പ്രസിദ്ധീകരിച്ച 'ഉൾപ്പാർട്ടി യുദ്ധം' എന്ന കവിതയിലുടെയാണ് ചെമ്മനം ചാക്കോ വിമർശഹാസ്യത്തിലേക്ക് തിരിഞ്ഞത്.

1967ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഇരുപത്തിരണ്ടോളം കവിതാഗ്രന്ഥങ്ങലും ബാലസാഹിത്യ കവിതകളും കഥകളും രചിച്ചിട്ടുണ്ട്. ഇതോടൊപ്പം വിമർശനഹാസ്യ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. തോമസ് വയസ് 28 എന്ന ചെറുകഥാസമാഹാരവും പുറത്തിറക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com