മുല്ലപ്പെരിയാര്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്; കൂടുതല്‍ വെള്ളം തുറന്നുവിടും

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്ക്- പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം 
മുല്ലപ്പെരിയാര്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്; കൂടുതല്‍ വെള്ളം തുറന്നുവിടും


കൊച്ചി: മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടുത്ത ഒരു മണിക്കുറിനുള്ളില്‍ 142 അടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഡാമിന്റെ സ്പില്‍വേ തുറന്ന്  ഉയര്‍ന്ന തോതില്‍ വെള്ളം വിടുന്നതാണ് ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

ജലനിരപ്പ് 140 അടിയായതോടെ ഇന്നു പുലര്‍ച്ചെ 2.35നു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നിരുന്നു. സ്പില്‍വേയിലെ 13 ഷട്ടറുകള്‍ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതില്‍ മൂന്നു ഷട്ടറുകള്‍ അടച്ചു. 

രാവിലെ ഏഴിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.56 അടിയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു വെള്ളം തുറന്നുവിട്ടതിനാല്‍ ചെറുതോണിയില്‍നിന്നു പുറത്തേക്കു ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്‍ഡില്‍ പത്തു ലക്ഷം ലീറ്റര്‍ (1000 ക്യുമെക്‌സ്) ആണു പുറത്തേക്കു വിടുന്നത്. അതേ സമയം വെള്ളം ഒഴുക്കി വിട്ടിട്ടും മുല്ലപ്പെരിയാറില്‍  ജലനിരപ്പ് കൂടുകയാണ്. പുലര്‍ച്ച നാലിന് 141.25 അടിയിലേക്കെത്തിയിട്ടുണ്ട് ജലനിരപ്പ്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ചെറുതോണിയില്‍ നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തീരുമാനിച്ചതാണ്. ഇതനുസരിച്ച് ബുധനാഴ്ച പുലര്‍ച്ച മുതല്‍ സെക്കന്റില്‍ ഏഴര ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ പുറത്തേക്കൊഴുക്കുന്നത്.

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിപ്പ് പുലര്‍ച്ചെ നാലു മണിയോടെ 2398.28 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കിയിലേക്ക് എത്തുന്നതോടെ അണക്കെട്ടില്‍ വീണ്ടും വെള്ളം ഉയരും. പെരിയാറിന്റെ തീരത്തുള്ള അയ്യായിരത്തോളം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com