ആശുപത്രിയില്‍ വെള്ളം കയറി; രോഗികളെ സാഹസികമായി രക്ഷപ്പെടുത്തി

ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ വെള്ളം കയറി. സ്ത്രീകളേയും കുഞ്ഞുങ്ങളേയും സാഹസികമായി രക്ഷപെടുത്തി
ആശുപത്രിയില്‍ വെള്ളം കയറി; രോഗികളെ സാഹസികമായി രക്ഷപ്പെടുത്തി

കൊച്ചി: ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ വെള്ളം കയറി
. സ്ത്രീകളേയും കുഞ്ഞുങ്ങളേയും സാഹസികമായി രക്ഷപെടുത്തി. ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ വച്ച് ആളുകള്‍ രക്ഷാപ്രവര്‍ത്തകരെ കൈനീട്ടിവിളിക്കുകയാണ് ജനങ്ങള്‍. ഹൃദ്രോഗമുള്ളവരും എല്ലിനു ക്ഷതമേറ്റവരുമെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. ആലുവ നജായത്ത് ആശുപത്രിയിലാണ് രോഗികള്‍ കുടുങ്ങിപ്പോയത്. രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രോഗികളേയും ഡോക്ടര്‍മാരേയും മറ്റ് ആശുപത്രിജീവനക്കാരേയും രക്ഷപെടുത്തി.

ആലുവ, ഏലൂര്‍, കടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇന്ന് പുലര്‍ച്ചെ മുതലാണ് വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകള്‍ നിറഞ്ഞുകവിഞ്ഞു. ജീവന്‍കയ്യില്‍പ്പിടിച്ചാണ് ഇവര്‍പുറത്തിറങ്ങിയത്. ഉടുതുണിയല്ലാതെ ഒന്നുമില്ല ഇവരുടെ കയ്യില്‍. കൈക്കുഞ്ഞിനേയും കൊണ്ടുള്ള രക്ഷപെടല്‍ ദൃശ്യങ്ങള്‍ ഹൃദയമിടിപ്പേറ്റുന്നതാണ്. ക്യാമ്പുകള്‍ നിറഞ്ഞതിനാല്‍ ബന്ധുവീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. പക്ഷെ എങ്ങനെപൊകുമെന്നോ ഏത് വാഹനം ഉപയോഗിക്കുമെന്നോ അവര്‍ക്കറിയില്ല. 

ലോറിയിലാണ് ഇപ്പോള്‍ ജനങ്ങളെ ക്യാമ്പുകളിലെത്തിക്കുന്നത്. മുപ്പത്തടം ഹയര്‍സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പു നിറഞ്ഞു. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 75 ശതമാനവും വെള്ളത്തിനടിയിലായി. റോഡുകള്‍ കൂടുതലായി മുങ്ങുന്നതിനുമുമ്പ് ജനങ്ങളെ പരമാവധി ക്യാമ്പുകളിലേക്കു മാറ്റുന്നതിനുള്ള തിരക്കിലാണ് രക്ഷാപ്രവര്‍ത്തകര്‍.

പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ ജംങ്ഷന്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. ദേശീയപാതയിലും  വെള്ളംനിറഞ്ഞു. ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഏലൂരില്‍ നൂറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ബോട്ടുകള്‍ മതിയാകുന്നില്ല. പൊലീസ് ക്ലബില്‍ പൊലീസ് കുടുങ്ങിക്കിടക്കുന്നു. പെരുമ്പാവൂര്‍ മൂവാറ്റുപുഴയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ആലുവ ദേശീയപാതയില്‍ വള്ളമിറക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com