തമ്മിലടിക്കേണ്ട; മനുഷ്യ ജീവനാണ് വലുതെന്ന് സുപ്രീംകോടതി; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 ആക്കും 

കേരളത്തിന് ആശ്വാസമായി മുല്ലപ്പെരിയാര്‍ സമിതി 139ല്‍ നിര്‍ത്താമെന്ന് സുപ്രീംകോടതിയെ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്
തമ്മിലടിക്കേണ്ട; മനുഷ്യ ജീവനാണ് വലുതെന്ന് സുപ്രീംകോടതി; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 ആക്കും 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിയന്ത്രിക്കാമെന്ന് മല്ലപ്പെരിയാര്‍ സമിതി. 139ല്‍ നിര്‍ത്താമെന്ന് സമിതി സുപ്രീംകോടതിയെ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കേരളം വലിയ പ്രളയ ദുരന്തം നേരിടുന്ന ഘട്ടത്തില്‍ തമ്മിലടിക്കാതെ മനുഷ്യ ജീവന് വില കല്‍പ്പിക്കാന്‍ കോടതി തമിഴ്‌നാടിനോട് വ്യക്തമാക്കി. വെള്ളം തുറന്നുവിടുമ്പോള്‍ ജന ജീവിതത്തെ ബാധിക്കാതെ നോക്കണമെന്നും കോടതി നിരീക്ഷിച്ചു. ഘട്ടം ഘട്ടമായി വെള്ളം തുറന്നുവിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 

അധിക ജലം തമിഴ്‌നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം. കേരളത്തിലേക്ക് തുറന്ന് വിട്ടാല്‍ പ്രളയക്കെടുതി വര്‍ദ്ധിക്കുമെന്നും നിരീക്ഷണം. നേരത്തെ ഇത്തരം അസാധാരണ സാഹചര്യമുണ്ടാകുമ്പോള്‍ ജനങ്ങളുടെ ഭീതി അകറ്റുകയാണ് വേണ്ടത്. ദേശീയ ദുരന്തനിവാരണ സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി വേണം പ്രവര്‍ത്തിക്കേണ്ടത്. ഇരു സംസ്ഥാനങ്ങളും ഉപസമിതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനുള്ള അടിയന്തരയോഗം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. 142 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അത് 139 അടിയിലേക്ക് താഴ്ത്തണമെന്ന നിര്‍ദ്ദേശവുമായാണ് യോഗം വിളിച്ചു ചേര്‍ത്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. എന്നാല്‍ ജലനിരപ്പ് താഴ്ത്താന്‍ സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു തമിഴ്‌നാട്. 

ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കണമെന്ന് രണ്ട് സംസ്ഥാനങ്ങള്‍ക്കും കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടരുതെന്ന ഹര്‍ജി സുപ്രീംകോടതിയിലെത്തിയിരുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ അഭാവമാണ് മുല്ലപ്പെരിയാര്‍ വിഷയത്തിലെ പ്രതിസന്ധിക്ക് കാരണമെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com