പ്രളയക്കെടുതി; ജാ​​ഗ്രത വേണം ആരോ​ഗ്യ കാര്യത്തിലും

അനാരോഗ്യകരമായ അന്തരീക്ഷമാണ് ഇത്തരം ക്യാമ്പുകൾ നേരിടുന്ന പ്രധാന ഭീഷണി
പ്രളയക്കെടുതി; ജാ​​ഗ്രത വേണം ആരോ​ഗ്യ കാര്യത്തിലും

പ്രളയക്കെടുതി കേരളത്തിന്റെ ജീവിതത്തെ തകർത്തെറിഞ്ഞപ്പോൾ നിലവിൽ രണ്ടേകാല്‍ ലക്ഷത്തില്‍പരം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. അനാരോഗ്യകരമായ അന്തരീക്ഷമാണ് ഇത്തരം ക്യാമ്പുകൾ നേരിടുന്ന പ്രധാന ഭീഷണി. ഇന്‍ഫോ ക്ലിനിക് അംഗമായ ഡോക്ടര്‍ പല്ലവി ഗോപിനാഥന്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ നിരത്തി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വളരെ ശ്രദ്ധേയവും പ്രാധാന്യമർഹിക്കുന്നതുമാണ്. അതിജീവനത്തിന്റെ പാതയിലൂടെ കേരളം നീങ്ങുന്ന ഈ സമയത്ത് സ്വയം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ചില ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുകയാണ് പല്ലവി. 

ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന്

പ്രളയത്തെ കേരളം ഇച്ഛാശക്തി കൊണ്ട് നേരിടുന്ന അതിജീവനത്തിന്റെ ഈ സമയത്ത് ചില ചെറിയ ആരോഗ്യ നിര്‍ദേശങ്ങള്‍

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി

വെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക. പച്ചവെള്ളം കലര്‍ത്തിയ ചൂടുവെള്ളം കൊണ്ട് കാര്യമില്ല എന്ന് ഓര്‍ക്കുക.

ജീവിതശൈലീ രോഗങ്ങള്‍ക്കോ , ദീര്‍ഘകാലമായുള്ള മറ്റു രോഗങ്ങള്‍ക്കോ മരുന്നുകള്‍ കഴിച്ചിരുന്നവര്‍, മരുന്നു മുടക്കാതെ ശ്രദ്ധിക്കുക. ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായം എത്തിക്കുന്നവര്‍ ഇക്കാര്യം കൂടി കരുതിയാല്‍ നന്നാവും.

നവജാതശിശുക്കള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ക്യാമ്പുകളില്‍ ഉള്ള നവജാതശിശുക്കളെ തണുപ്പേല്‍ക്കാതെ ശ്രദ്ധിക്കുക. കൂടുതല്‍ ആളുകള്‍ എടുക്കുക വഴി അണുബാധ ഉണ്ടാകാം എന്നതിനാല്‍ ആ പ്രവണത ഒഴിവാക്കണം.

മുലയൂട്ടുന്ന അമ്മമാര്‍ മുലയൂട്ടല്‍ തുടരണം.
സുരക്ഷിതമായ കുടിവെള്ളം നന്നായി കുടിക്കണം.

കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകളുടെ തീയതി ആയിട്ടുണ്ടാവാം. അഥവാ എടുക്കാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ടതില്ല. സാധ്യമായ ഏറ്റവും അടുത്ത അവസരത്തില്‍ എടുത്താല്‍ മതി.

പഴകിയ ആഹാരം ഉപയോഗിക്കാതിരിക്കുക. അഥവാ ഭക്ഷണം ബാക്കി വന്നാല്‍ മൂടി വയ്ക്കുക. കഴിയുന്നിടത്തോളം ക്യാമ്പുകളില്‍ അതാതു നേരത്തെ ആഹാരം മാത്രം ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക.

 സംഭാവന ആയി എത്തുന്ന ഭക്ഷണസാധനങ്ങള്‍, പാക്കറ്റില്‍ വരുന്ന, എളുപ്പത്തില്‍ കേടാകാത്ത ബിസ്‌കറ്റ്, റസ്‌ക് പോലെ ഉള്ളവ പാക്കറ്റു പൊട്ടിച്ചു സൂക്ഷിക്കാതിരിക്കുക.

കൈകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുക. ക്യാമ്പുകളില്‍ പ്രത്യേകം ശ്രദ്ധിക്കുക, ജലജന്യ രോഗങ്ങള്‍ പകരാന്‍ ഉള്ള സാധ്യത കൂടുതലാണ്.

ക്യാമ്പുകളില്‍ കുട്ടികള്‍ പട്ടി, പൂച്ച തുടങ്ങിയവയെ ഓമനിക്കുകയും തുടര്‍ന്നു കടിയേല്‍ക്കാനും സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതാണ്.

കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും തണുപ്പ് പ്രശ്‌നമായേക്കാം. ലഭ്യമായ വസ്ത്രങ്ങള്‍, പുതപ്പുകള്‍ ഉപയോഗിക്കുക, കഴിവതും നേരിട്ടു തണുപ്പേല്‍ക്കാത്ത ഇടങ്ങളില്‍ അവരെ ഇരുത്തുക. സഹായങ്ങള്‍ എത്തിക്കുന്നവര്‍ സ്വറ്ററുകള്‍ കൂടി നല്‍കാന്‍ ശ്രമിക്കാം.

 സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി

വെള്ളത്തിലിറങ്ങുന്നവര്‍ രക്ഷാപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ വെള്ളത്തില്‍ നിന്നും കയറിയ ശേഷം സോപ്പുപയോഗിച്ചു കാലുകള്‍ വൃത്തിയാക്കേണ്ടതാണ്. കാലില്‍ മുറിവുകള്‍ ഉള്ളവര്‍ കെട്ടിനില്‍ക്കുന്ന മലിന ജലത്തില്‍ ഇറങ്ങുന്ന പക്ഷം, എലിപ്പനിയെ പ്രതിരോധിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നു കഴിക്കേണ്ടതാണ്.

പ്രളയജലത്തില്‍ കുഴികളില്‍ വീണ് അപകടം ഉണ്ടായേക്കാം. പരിചയമില്ലാത്ത ഇടങ്ങളില്‍ ശ്രദ്ധിക്കുക. ഒരു വടി ഉപയോഗിച്ച് മുന്നിലുള്ള തറ നിരപ്പ് ഉറപ്പാക്കി മാത്രം നടക്കുക.

പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ കഴിവതും മുകള്‍ഭാഗം മൂടുന്ന ചെരിപ്പുകള്‍ ഉപയോഗിക്കുക.

 സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ സ്വയം രക്ഷ കൂടി കണക്കിലെടുക്കേണ്ടതുണ്ട് , പ്രത്യേകിച്ച് പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകര്‍ അല്ലാത്ത ആളുകള്‍.

 വൈദ്യുതാഘാതമേല്‍ക്കാനുള്ള സാധ്യത മനസില്‍ കരുതുക, അപകടം ഒഴിവാക്കാന്‍അ ശ്രദ്ധിക്കാം.

 പ്രളയം പ്രതീക്ഷിക്കുന്ന ഇടങ്ങളില്‍ ഉള്ളവര്‍ക്കായി

അത്യാവശ്യ മരുന്നുകള്‍, ഓ ആര്‍ എസ് കരുതുക, സ്ഥിരം മരുന്നുകള്‍ നിര്‍ബന്ധമായും സൂക്ഷിക്കുക.

 ആവശ്യത്തിനു കുടിവെള്ളം കരുതാം.

എമര്‍ജന്‍സി കിറ്റ് ഒരെണ്ണം ഉണ്ടാക്കി വയ്ക്കാം.

 കിടപ്പിലായ രോഗികളെ മുന്‍കൂട്ടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമിക്കാവുന്നതാണ്.

ജാഗ്രതയോടെ, ഒരുമയോടെ നമുക്കു തരണം ചെയ്യാം പ്രളയത്തെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com