സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വീഡിയോ; വിമുക്ത ഭടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് 

സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വീഡിയോ; വിമുക്ത ഭടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് 

സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച വിമുക്ത ഭടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച വിമുക്ത ഭടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇയാള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സൈനിക വേഷത്തില്‍ വിമര്‍ശിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. പത്തനംതിട്ട  കോഴിപ്പുറം സ്വദേശി ഉണ്ണി നായര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഉണ്ണി നായരാണ്  വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് സൈബര്‍ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ഇയാളിപ്പോള്‍ ഡിഫന്‍സ് സെക്യൂരിറ്റി ക്രോപ്‌സിലെ ജീവനക്കാരനായി രാമേശ്വരത്ത് ജോലി ചെയ്ത് വരികയാണ്. ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ആള്‍മാറാട്ടമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. 

ശനിയാഴ്ച രാത്രിയോടെയാണ് വീഡിയോ പുറത്തുവന്നത്. വൈകാതെ തന്നെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസ ശ്രമങ്ങള്‍ കാര്യക്ഷമമായി നടത്താനാവുന്ന സൈന്യത്തെ വിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ലെന്നും അത് സര്‍ക്കാരിന് ലഭിക്കേണ്ട യശസ്സ് സൈന്യം കൊണ്ടുപോകുമെന്ന ഭയത്താലാണെന്നുമായിരുന്നു 2.35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഉള്ളടക്കം. തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിമുക്ത ഭടനാണെന്ന് സ്ഥിരീകരിച്ചത്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ വഴിയായിരുന്നു വീഡിയോ കൂടുതലും പ്രചരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com