അഞ്ച് വൈദ്യുത നിലയങ്ങളും 28 സബ് സ്‌റ്റേഷനുകളും തകര്‍ന്നു: വൈദ്യുതിബോര്‍ഡിന് നഷ്ടം 820കോടി

പ്രളയക്കെടുതിയില്‍പ്പെട്ട സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതി ബോര്‍ഡ്
അഞ്ച് വൈദ്യുത നിലയങ്ങളും 28 സബ് സ്‌റ്റേഷനുകളും തകര്‍ന്നു: വൈദ്യുതിബോര്‍ഡിന് നഷ്ടം 820കോടി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതി ബോര്‍ഡ്. വയറിങ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയശേഷം കണക്ഷനുകള്‍ പുനഃസ്ഥാപിക്കാനാണ് ആലോചന. ജീവനക്കാര്‍ അവധി ദിവസങ്ങള്‍ പൂര്‍ണമായി ഒഴിവാക്കും.

കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത്ത് ലീക്കേജ്, സര്‍ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പെടുത്തി ഒരു ലൈറ്റ് പോയന്റും പ്ലഗ് പോയന്റും മാത്രമുള്ള താത്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്‍കും. തെരുവുവിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍കുന്ന മുറയ്ക്ക് സൗജന്യമായി സ്ഥാപിച്ചുനല്‍കും.

 സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാമ്പുകള്‍ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തും.വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി 'മിഷന്‍ റീകണക്റ്റ്' എന്ന പേരില്‍ കര്‍മസമിതി രൂപവത്കരിച്ചു.വിതരണവിഭാഗം ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതിഭവനില്‍ 24 മണിക്കൂറും പ്രത്യേകവിഭാഗം പ്രവര്‍ത്തിക്കും.

കല്പറ്റ, തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട, പെരുമ്പാവൂര്‍, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ സര്‍ക്കിളുകളില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും പ്രശ്‌നബാധിത പ്രദേശങ്ങളിലെ സെക്ഷനുകളില്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും പ്രത്യേകസമിതികള്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം നല്‍കും.

എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ ചീഫ് എന്‍ജിനീയര്‍മാര്‍ നിരീക്ഷിക്കും.സര്‍വീസില്‍നിന്ന് വിരമിച്ചവരുടെയും മറ്റ് ഇലക്ട്രിക്കല്‍ സെക്ഷനില്‍നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും സേവനം ലഭ്യമാക്കും. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ജീവനക്കാരെയും ട്രാന്‍സ്‌ഫോര്‍മര്‍ അടക്കം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പവര്‍ഗ്രിഡ്, എന്‍.ടി.പി.സി., ടാറ്റാ പവര്‍, എല്‍.ആന്‍ഡ് ടി., സീമന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

28 സബ് സ്‌റ്റേഷനുകളും അഞ്ച് ഉത്പാദന നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തി. അഞ്ച് ചെറുകിട വൈദ്യുതിനിലയങ്ങള്‍ വെള്ളം കയറി തകര്‍ന്നു. ഇത്തരത്തില്‍ 350 കോടി രൂപയുടെ നഷ്ടത്തിനുപുറമേ ഏകദേശം 470 കോടിയുടെ വരുമാന നഷ്ടവുമുണ്ടായി.10,000 ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്യേണ്ടിവന്നു. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇതുവരെയായി 4500ഓളം എണ്ണം ചാര്‍ജ് ചെയ്തു. ഏകദേശം 1200ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. അവയെല്ലാം പ്രവര്‍ത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടികളും തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com