ബാണാസുര തുറന്നത് കലക്ടര്‍ പോലും അറിയാതെ; അണക്കെട്ടുകള്‍ തുറന്നതില്‍ പാളിച്ചയുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും

സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കിയ വെള്ളപ്പൊക്കത്തിന് കാരണമായ പല ഡാമുകളും തുറന്നത് വേണ്ടത്ര മുന്നറിയിപ്പില്ലാതെയെന്ന് റിപ്പോര്‍ട്ടുകള്‍
ബാണാസുര തുറന്നത് കലക്ടര്‍ പോലും അറിയാതെ; അണക്കെട്ടുകള്‍ തുറന്നതില്‍ പാളിച്ചയുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും

കൊച്ചി: സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കിയ വെള്ളപ്പൊക്കത്തിന് കാരണമായ പല ഡാമുകളും തുറന്നത് വേണ്ടത്ര മുന്നറിയിപ്പില്ലാതെയെന്ന് റിപ്പോര്‍ട്ടുകള്‍. പലയിടത്തും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ല. വയനാടിനെ മുക്കിയത് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നൊരുക്കങ്ങളില്ലാതെ ഉയര്‍ത്തിയതാണ്. ജൂലൈ 15ന് ആണു ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളില്‍ മൂന്നെണ്ണം ആദ്യമായി തുറന്നത്. ഷട്ടര്‍ ആദ്യം തുറക്കുന്നതിനു മുന്‍പു മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയതും നാലാമത്തെ ഷട്ടര്‍ തുറന്നതും നാട്ടുകാരെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു. പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകള്‍ വെള്ളത്തിനടിയിലായി. ബഹുമില കെട്ടിടങ്ങള്‍ വരെ പൂര്‍ണമായും വെള്ളത്തിനടിയില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. 

മഴ കുറഞ്ഞപ്പോള്‍ ഷട്ടറുകള്‍ 80 സെന്റിമീറ്ററിലേക്കു താഴ്ത്തിയെങ്കിലും രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും 90 സെന്റിമീറ്ററാക്കി ഉയര്‍ത്തി. ഷട്ടറുകളുടെ ഉയരം വര്‍ധിപ്പിക്കുമ്പോഴുള്ള അനൗണ്‍സ്‌മെന്റോ മറ്റു പ്രചാരണങ്ങളോ ഉണ്ടായില്ല. വില്ലേജ് ഓഫിസറെയോ കലക്ടറെപ്പോലുമോ വിവരം അറിയിച്ചില്ല. ഇതു വലിയ വിവാദമായപ്പോള്‍ മാത്രമാണു പിന്നീടു കൃത്യമായി അറിയിപ്പുകളുണ്ടായത്. നിലവില്‍ ബാണാസുരയുടെ ഒരു ഷട്ടര്‍ മാത്രമേ (10 സെന്റിമീറ്റര്‍ ഉയരത്തില്‍) തുറന്നിട്ടുള്ളൂ. ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ് ഗ്രൂപ്പില്‍ വിവരം അറിയിച്ചിരുന്നുവെന്നാണു കെഎസ്ഇബി അധികൃതരുടെ വിശദീകരണം. 

അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകളുടെ നിയന്ത്രണം തമിഴ്‌നാടിനാണ്. ഇവ തുറന്നപ്പോഴും കൃത്യമായി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ല. ഡാമുകള്‍ തുറക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമാണ് മുന്നറിയിപ്പ് നല്‍കിയത്. പരിഭ്രാന്തരായ ജനത്തിന് സ്ഥലംവിട്ടുപോകാന്‍ അവസരം ലഭിക്കുന്നതിന് മുന്നേ ജലം കുത്തിയൊച്ചെത്തിയിരുന്നു. പറമ്പിക്കുളത്തെയും അപ്പര്‍ ഷോളയാറിലെയും വെള്ളം എത്തിയതോടെ പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞു. ചാലക്കുടിപ്പുഴ കരകവിഞ്ഞു ചാലക്കുടി നഗരമടക്കം വെള്ളത്തിലായി. 

വിവാദങ്ങളുടെ പശ്ചാതലത്തില്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ പാളിച്ചകളുണ്ടായോ എന്നു സര്‍ക്കാര്‍ പരിശോധിക്കും.പ്രാഥമിക പരിശോധനയില്‍ ഗുരുതര വീഴ്ചകളുണ്ടായില്ലെന്നാണു നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com