പ്രളയബാധിത പ്രദേശങ്ങളിൽ രാഹുലിന്റെ സന്ദർശനം തുടങ്ങി ; ആദ്യമെത്തിയത് ചെങ്ങന്നൂരിൽ

പ്രളയബാധിത പ്രദേശങ്ങളിൽ രാഹുലിന്റെ സന്ദർശനം തുടങ്ങി ; ആദ്യമെത്തിയത് ചെങ്ങന്നൂരിൽ

ക്യാംപിലുള്ളവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും രാഹുൽ കേട്ടു. തുടർന്ന് ഐഎച്ച്ആർഡി എഞ്ചിനീയറിങ് കോളജിലെ ക്യാംപിലേക്ക് അദ്ദേഹം പോയി

ആലപ്പുഴ : കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ സന്ദർശനം ആരംഭിച്ചു. രാവിലെ എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുൽ അവിടെനിന്ന് ഹെലിക്കോപ്റ്റർ മാർഗം ചെങ്ങന്നൂരെത്തി. നേരെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ദുരിതാശ്വാസ ക്യാംപിലാണ് അദ്ദേഹം ആദ്യമെത്തിയത്. ക്യാംപിലുള്ളവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും രാഹുൽ കേട്ടു. തുടർന്ന് ഐഎച്ച്ആർഡി എഞ്ചിനീയറിങ് കോളജിലെ ക്യാംപിലേക്ക് അദ്ദേഹം പോയി. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസൻ, കെ സി വേണുഗോപാൽ എംപി, മുകുൾ വാസ്നിക്, പി ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ രാഹുലിനെ അനുഗമിക്കുന്നുണ്ട്.  ഇടനാട് തകർന്ന വീടുകൾ സന്ദർശിക്കുന്ന അദ്ദേഹം, പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മിച്ചു നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധിക്ക് ഈ ചടങ്ങിൽ കൈമാറും. 

ആലപ്പുഴയില്‍ വിശ്രമിക്കുന്ന രാഹുൽ ​ഗാന്ധി പത്തനംതിട്ടയും സന്ദർശിക്കും. തുടർന്ന്  വൈകീട്ട് 3.30 ഓടെ കൊച്ചിയില്‍ എത്തും.  ആലുവ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാംപുകളും രാഹുൽ  സന്ദര്‍ശിക്കും. നാളെ രാവിലെ എറണാകുളം ജില്ലയിലെ ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ ഡിസിസി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ലോറികളുടെ യാത്ര രാഹുല്‍ ഫ്ലാഗ് ഓഫ് ചെയ്യും.

തുടര്‍ന്നു പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകും. അവിടെ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു തിരിക്കും. 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com