ഡീസല്‍ വാങ്ങാന്‍ കാശില്ല; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

ഡീസല്‍ വാങ്ങാന്‍ കാശില്ല; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു
ഡീസല്‍ വാങ്ങാന്‍ കാശില്ല; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

തിരുവനന്തപുരം: ഡീസല്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. ഡീസല്‍ വാങ്ങിയ ഇനത്തില്‍ 185 കോടിയും പാര്‍ട്‌സുകള്‍ വാങ്ങിയ ഇനത്തില്‍ 22 കോടിയുമാണ് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. ഒരു ദിവസം ഡീസലിനായി വേണ്ടത് 4.47 ലക്ഷം രൂപയാണ്. പ്രധാനപ്പെട്ട ഷെഡ്യൂളുകള്‍ ഒഴികെയുള്ളവ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നാണു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ധന കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ചില സര്‍വീസുകള്‍ മാത്രമേ തടസപ്പെട്ടിട്ടുള്ളൂ എന്നുമാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. 

പ്രളയക്കെടുതിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വലിയ കുറവുണ്ടായിരുന്നു. റോഡുകള്‍ തകര്‍ന്നതും സര്‍വീസ് തുടരാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ വര്‍ഷം ഏറ്റവും കുറഞ്ഞ വരുമാനം ലഭിച്ചത് ഓഗസ്റ്റിലാണ്. മേയിലെ വരുമാനം 207.35 കോടി രൂപയായിരുന്നു. ജൂണില്‍ 189.98 കോടിയും ജൂലൈയില്‍ 197.64 കോടിയും വരുമാനം ലഭിച്ചു. ഓഗസ്റ്റ് 25ാം തീയതിവരെ 128.68 കോടിയാണു വരുമാനം.

ഇന്ധനത്തിനു പുറമേ മറ്റു ചെലവുകള്‍ക്കുള്ള പണം കണ്ടെത്താനും കോര്‍പ്പറേഷനു കഴിയുന്നില്ല. ഈ മാസത്തെ ശമ്പളം ബോണസ്, ഓണം അഡ്വാന്‍സ്, ഫെസ്റ്റിവല്‍ അലവന്‍സ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത് 95 കോടി രൂപയാണ്. സര്‍ക്കാര്‍ നല്‍കിയത് 20 കോടി. ശമ്പളം മാത്രമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞത്. പ്രളയദിനങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടുനല്‍കിയതിലൂടെ 86 കോടി ചെലവായി.

വര്‍ക് ഷോപ്പുകളും ഡിപ്പോകളും തകര്‍ന്നതിലൂടെയുള്ള നഷ്ടം 27 കോടി. ദുരന്തനിവാരണത്തിനായി പട്ടാളക്കാരെയും ഉദ്യോഗസ്ഥരെയും കൊണ്ടുപോയതിനും ക്യാംപുകളില്‍ ആളുകളെ എത്തിക്കുന്നതിനും കെഎസ്ആര്‍ടിസി 1500 സര്‍വീസുകള്‍ നടത്തി. 150 ബസുകള്‍ വെള്ളത്തില്‍നിന്നുപോയി. സുരക്ഷാവാഹനങ്ങളിലെ തകരാറുകള്‍ പരിഹരിക്കുന്നതിനും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com