വികസന മന്ത്രം വികസന ആക്രോശമാകരുത് ; കുന്നിടിക്കലും കയ്യേറ്റവും ദുരന്തത്തിന്റെ ആക്കം കൂട്ടി, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരിഗണിച്ചത് രാഷ്ട്രീയമായെന്ന് വി എസ് അച്യുതാനന്ദൻ

വികസനമെന്ന പേരില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണം. ഇതിനുള്ള നിയമം പഴുതടച്ച് നടപ്പാക്കണം
വികസന മന്ത്രം വികസന ആക്രോശമാകരുത് ; കുന്നിടിക്കലും കയ്യേറ്റവും ദുരന്തത്തിന്റെ ആക്കം കൂട്ടി, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരിഗണിച്ചത് രാഷ്ട്രീയമായെന്ന് വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം : അനധികൃത കയ്യേറ്റങ്ങള്‍ പ്രകൃതി ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ്അച്യുതാനന്ദന്‍. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത കനത്ത മഴയാണ് കേരളത്തിലുണ്ടായത്. അതേസമയം ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുള്‍പൊട്ടലുമാണ്. പ്രകൃതിയില്‍ നാം നടത്തിയ അനിയന്ത്രിതമായ ഇടപെടലുകളാണ് കുന്നിടിച്ചിലിന് ആക്കം കൂട്ടിയത്. ആയിരക്കണക്കിന് ആളുകളുടെ ജീവിതം വെച്ചുള്ളകളിയാണിത്. കുന്നിടിച്ചും മലയിടിച്ചും നടത്തുന്ന അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും വി എസ് പറഞ്ഞു. 

വികസന മന്ത്രം വികസന ആക്രോശമാകരുത്. നമ്മുടെ നയ രൂപീകരണത്തിലാണ് പിഴവ് സംഭവിച്ചത്. നിരവധി സങ്കുചിത താല്‍പ്പര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ നാം അവഗണിച്ചു വരികയാണ്. വന്‍കിടക്കാര്‍ കാടും കായലും കൈയേറി നിര്‍മ്മിക്കുന്ന റിസോര്‍ട്ടുകളും, മറ്റും നിസാരമായ പിഴ ഒടുക്കി നേടിയെടുക്കുന്ന സ്ഥിതി ഇനിയും ഉണ്ടാകരുത്. വികസന കാഴ്ചപ്പാട് ശാസ്ത്രീയമായി പുനര്‍നിര്‍വചിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി എസ് ആവശ്യപ്പെട്ടു. 

വികസനമെന്ന പേരില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണം. ഇതിനുള്ള നിയമം പഴുതടച്ച് നടപ്പാക്കണം. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനമെടുത്തത് ഇടതുമുന്നണിയാണ്. ഇതിനായി പ്രതേ്യക ദൗത്യസംഘത്തെയും നിയോഗിച്ചു. എന്നാല്‍  ഒഴിപ്പിക്കല്‍ പ്രക്രിയ ഇടയ്ക്കുവെച്ച് നില്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണം. മൂന്നാറിലെ മാത്രമല്ല എല്ലാ കയ്യേറ്റങ്ങളെയും ഒഴിപ്പിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ അനധികൃത ക്വാറി പ്രവര്‍ത്തനം അവസാനിപ്പിക്കണം. നെല്‍വയല്‍ സംരക്ഷണത്തിനായി നെല്‍വയല്‍ തണ്ണീര്‍തട നിയമം നടപ്പാക്കിയത് ഇടതുസര്‍ക്കാരാണ്. എന്നാല്‍ ഇതിന്റെ സത്ത ചോര്‍ത്തികളയാനല്ല, നിയമത്തെ കര്‍ശനമാക്കാനും മാതൃകാപരമായി നടപ്പാക്കാനുമാണ് കേരളം മുന്നോട്ടു വരേണ്ടത്. അനധികൃത നിര്‍മ്മാണത്തിനും അശാസ്ത്രീയ വികസനത്തിനും പശ്ചിമഘട്ട മലനിരകളാണ് വില നല്‍കുന്നത്. 

പരിസ്ഥിതി സംരക്ഷണം മുന്നോട്ടുവെച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ നമ്മള്‍ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായാണ് പരിഗണിച്ചതെന്ന വിമര്‍ശനവും വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രവചനങ്ങള്‍ ശരിയാണെന്ന് തെളിയുകയാണ്. നിര്‍മ്മാണങ്ങള്‍ പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുകൂടിയാകണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ ഇവരെ വികസന വിരോധികളെന്നും, പരിസ്ഥിതി വാദികളെന്നും ആക്ഷേപിക്കുന്നവരുടെ ലക്ഷ്യം വേറെ പലതുമാണെന്ന് നാം കാണേണ്ടതുണ്ടെന്നും വി എസ് പറഞ്ഞു. 

പരമ്പരാഗത ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടച്ചതാണ് സംസ്ഥാനത്ത് ഇത്ര വലിയ വെള്ളക്കെട്ടിന് വഴിവെച്ചത്. പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ പരമ്പരാഗത ജലനിര്‍ഗമന പാതകള്‍ പുനരുദ്ധരിക്കാന്‍ മുന്‍ഗണന നല്‍കണം. ആസൂത്രണത്തിനും മാസ്റ്റര്‍ പ്ലാനിന്റെയും അടിസ്ഥാനത്തിലല്ലാതെ വികസന പദ്ധതികള്‍ നടപ്പിലാക്കരുത്. പ്രകൃതിയെ നശിപ്പിതക്കാതെയുള്ള വികസനമാണ് ഇടതു മുന്നണി നയം. നവ കേരള സൃഷ്ടിക്കായി വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ഇതിന് ടേം ഓഫ് റഫറന്‍സ് ഉണ്ടാക്കണം. യുവജനങ്ങള്‍, സംസ്ഥാനത്തിന് അകത്തെയും പുറത്തെയും വിദഗ്ധര്‍ തുടങ്ങി എല്ലാവരെയും സഹകരിപ്പിക്കണം. ഈ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ മാറ്റിനിര്‍ത്തലുകള്‍ പാടില്ലെന്നും വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com