പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

 പ്രളയ ബാധിതര്‍ക്ക്് വിതരണം ചെയ്യാനായി കൊണ്ടുവന്ന സാധനങ്ങള്‍ മോഷ്ടിച്ച ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു
പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അമ്പലപ്പുഴ:  പ്രളയ ബാധിതര്‍ക്ക്് വിതരണം ചെയ്യാനായി കൊണ്ടുവന്ന സാധനങ്ങള്‍ മോഷ്ടിച്ച ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന കൃഷ്ണ കൃപയില്‍ രാജീവ് പൈയെയാണ് അമ്പലപ്പുഴ എസ്‌ഐ എം. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാമ്പിലേയ്ക്ക് വിതരണം ചെയ്യുന്നതിന് കളക്ട്രേറ്റില്‍ നിന്നെത്തിയ സാധനങ്ങളില്‍ നിന്ന് 5 ചാക്ക് അരി, ഒരു ചാക്ക് ചെറുപയര്‍, ഒരു ചാക്ക് ഉഴുന്ന്, ഒരു ചാക്ക് പാല്‍പ്പൊടി എന്നിവയും സ്‌റ്റേഷനറി സാധനങ്ങളുമാണ്  ഇയാള്‍ മോഷ്ടിച്ചു കടത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

പുറക്കാട്ടെ ശ്രീ വേണുഗോപാല ദേവസ്വം മാനേജര്‍ കൂടിയായ ഇയാള്‍ ദേവസ്വത്തിന്റെ അധീനതയിലുള്ള കെട്ടിടം ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കാനായി രണ്ടു മുറികള്‍ വിട്ടു നല്‍കിയിരുന്നു. ഇതില്‍ ഒരു മുറിയില്‍ വസ്ത്രങ്ങളും മറ്റൊന്നില്‍ അരിയുള്‍പ്പടെയുള്ള സാധനങ്ങളുമാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ രാജീവ് പൈ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്കു സാധനങ്ങള്‍ തലച്ചുമടായി മാറ്റുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ദേവസ്വത്തിന്റെ സാധനങ്ങളാണന്നായിരുന്നു ഇയാള്‍ നല്‍കിയ വിശദീകരണം. ഇതിനിടെ കൂടുതല്‍ നാട്ടുകാരും പൊലിസും രംഗത്ത് എത്തി. ഇതോടെ പുറക്കാട് വില്ലേജിലെ ജീവനക്കാരന്റെ അറിവോടെയാണ് സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. 

മോഷണത്തില്‍ വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റും തകഴി സ്വദേശിയുമായ സന്തോഷിന്റെ പങ്ക് വ്യക്തമായതോടെ ഇയാളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പും ഇത്തരത്തില്‍ ഇവിടെ നിന്ന് ചാക്കു കണക്കിന് സാധനങ്ങള്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടിട്ടുണ്ടന്നും ചില കോണ്‍ഗ്രസ്, സേവാഭാരതി പ്രവര്‍ത്തകര്‍ അന്നത്തെ മോഷണത്തില്‍ പങ്കാളികളായിരുന്നെന്നും സമീപവാസികള്‍ ആരോപിക്കുന്നു. സന്തോഷിനെ ഉടന്‍ പിടികൂടുമെന്നും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് അന്വഷിക്കുമെന്നും എസ് ഐ പറഞ്ഞു.  അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ രാജീവ് പൈയെ റിമാന്റു ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com