പറവൂരിലെ തോല്‍വിക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് വോട്ടുകച്ചവടം; ഗുരുതര ആരോപണവുമായി സിപിഐ 

പറവൂരില്‍ സിപിഎം കോണ്‍ഗ്രസിന് വോട്ടു മറിച്ചപ്പോള്‍, വൈപ്പിനില്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ പിന്തുണച്ചു
പറവൂരിലെ തോല്‍വിക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് വോട്ടുകച്ചവടം; ഗുരുതര ആരോപണവുമായി സിപിഐ 

കൊച്ചി : പറവൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി തോല്‍ക്കുന്നതിന് കാരണം സിപിഎം കോണ്‍ഗ്രസുമായി വോട്ടുകച്ചവടം നടത്തിയതിനാലെന്ന് സിപിഐ ജില്ലാ സമ്മേളനത്തില്‍ ആരോപണം. പറവൂരില്‍ സിപിഎം കോണ്‍ഗ്രസിന് വോട്ടു മറിച്ചപ്പോള്‍, വൈപ്പിനില്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ പിന്തുണച്ചു. വൈപ്പിനില്‍ ഇപ്പോഴും സിപിഐക്കെതിരെ എംഎല്‍എ പ്രതികാര ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. 

സിപിഐക്കാര്‍ പ്രതിനിധികളായ പഞ്ചായത്ത് വാര്‍ഡുകളില്‍ വികസന ഫണ്ടു തരാതിരിക്കാന്‍, ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ എസ് ശര്‍മ്മ എംഎല്‍എ ശ്രമിക്കുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ വെറും 1086 വോട്ടുകള്‍ക്ക് വിജയിച്ച കെ ജെ മാക്‌സി എംഎല്‍എയുടെ വിചാരം സ്വന്തം കഴിവുകൊണ്ടാണ് വിജയിച്ചതെന്നാണ്. കാനം നയിച്ച ജനജാഗ്രതാ യാത്രയില്‍ നിന്ന് അദ്ദേഹം ബോധപൂര്‍വം മാറിനിന്നു. കോതമംഗലം എംഎല്‍എയെക്കുറിച്ച് സിപിഎമ്മുകാരോട് ചോദിച്ചാല്‍ തന്നെ ഉത്തരം കിട്ടുമെന്നും പ്രതിനിധികള്‍ ആരോപിച്ചു. 

ജില്ലയില്‍ സിപിഎമ്മിന്റെ ശക്തി കുറയുമ്പോഴും അവര്‍ കൂടുതല്‍ സീറ്റ് കൈക്കലാക്കി വെക്കുകയാണ്. സിപിഎമ്മിന്റെ ശക്തി കുറയുകയും, സിപിഐയുടെ ശക്തി വര്‍ധിക്കുകയുമാണ് ചെയ്തിട്ടുള്ളത്. മുമ്പ് ഒമ്പത് സീറ്റാണ് സിപിഎമ്മിന് ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ അത് പതിനൊന്നായി. അത് പഴയപടിയാക്കണം. സിപിഐയുടെ ശക്തിക്ക് അനുസരിച്ച് പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് ലഭിക്കണമെന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com