രാഹുലിന്റെ അതൃപ്തി ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് തിരിച്ചടി ? ; ശ്രീധരന്‍പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറി 

സിപിഎമ്മും സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു
രാഹുലിന്റെ അതൃപ്തി ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് തിരിച്ചടി ? ; ശ്രീധരന്‍പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറി 

ആലപ്പുഴ : ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടികള്‍ സജീവമാക്കി. ചെങ്ങന്നൂരില്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ തന്നെ വീണ്ടും മല്‍സരിപ്പിക്കാനാണ് ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന്റെ അനൗപചാരിക തീരുമാനം. പാര്‍ട്ടി തീരുമാനം അമിത് ഷായെ കുമ്മനം രാജശേഖരന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മല്‍സരിക്കാനില്ലെന്ന മുന്‍തീരുമാനത്തില്‍ നിന്ന് ശ്രീധരന്‍പിള്ളയും അയയുന്നതായാണ് സൂചന. മല്‍സരത്തില്‍ ഇല്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും അതൃപ്തി പിടിച്ചുവാങ്ങേണ്ട എന്നാണ് ശ്രീധരന്‍ പിള്ളയുടെ തീരുമാനം. 

എന്‍ഡിഎ യോഗം വിളിച്ചുചേര്‍ക്കാതെയാണ് ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എന്‍ഡിഎ യോഗം വിളിച്ചാല്‍ ബിഡിജെഎസ് സീറ്റിനായി അവകാശവാദം ഉന്നയിക്കുമെന്നായിരുന്നു കുമ്മനത്തിന്റെ അഭിപ്രായം. പ1തുവെ ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസ് ഈ സാഹചര്യത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കുമെന്നാണ് സൂചന. 

യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സീറ്റാണ് ചെങ്ങന്നൂര്‍. ഇവിടെ കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായിരുന്ന പി സി വിഷ്ണുനാഥ് വീണ്ടും മല്‍സരിക്കുമെന്നായിരുന്നു ആദ്യം മുതലേ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള അടുപ്പവും വിഷ്ണുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വെല്ലുവിളി ഉണ്ടാകില്ലെന്ന വിലയിരുത്തലുകള്‍ക്ക് കാരണമായി. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിഷ്ണുനാഥിനെ ചെങ്ങന്നൂരില്‍ മല്‍സരിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പകരം എഐസിസി സെക്രട്ടറിയായ വിഷ്ണുനാഥിനെ അടുത്ത് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്റെ ചുമതലയിലേക്ക് നിയോഗിച്ചേക്കുമെന്നാണ് സൂചന. 

സിപിഎമ്മും സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. സിനിമാ താരം മഞ്ജു വാര്യരുടെ അടക്കം പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടത്. എന്നാല്‍ മഞ്ജുവാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ചിട്ടില്ലെന്നും, പാര്‍ട്ടിക്കകത്ത് യോഗ്യരായ നിരവധി പേരുണ്ടെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. സജി ചെറിയാന്‍, മുന്‍ എംപി സി എസ് സുജാത തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. സീറ്റ് നിലനിര്‍ത്തുക ലക്ഷ്യമിട്ട് പൊതുസമ്മതരായ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com