'സിപിഐ മന്ത്രിമാര്‍ അമ്പേ പരാജയം ; എം എം മണി പോലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു' , ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

അച്യുതമേനോനും പിഎസ് ശ്രീനിവാസനുമെല്ലാം ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന കാര്യം പോലും മന്ത്രിമാര്‍ മറക്കുകയാണ്
'സിപിഐ മന്ത്രിമാര്‍ അമ്പേ പരാജയം ; എം എം മണി പോലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു' , ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

കൊച്ചി : സിപിഐ മന്ത്രിമാര്‍ക്കെതിരെ എറണാകുളം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയുടെ നാലു മന്ത്രിമാരും അമ്പേ പരാജയമാണെന്ന മട്ടിലായിരുന്നു ഭൂരിപക്ഷം പ്രതിനിധികളുടെയും വിമര്‍ശനം. ഇവര്‍ മുഖ്യമന്ത്രിയുടെ തടവിലാണ്. അച്യുതമേനോനും പിഎസ് ശ്രീനിവാസനുമെല്ലാം ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന കാര്യം പോലും ഇവര്‍ മറക്കുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. 

റവന്യൂവകുപ്പ് അഴിമതിയുടെ കൂത്തരങ്ങാണ്. മുഖ്യമന്ത്രിയുടെ വാക്കുകേട്ട് റവന്യൂസെക്രട്ടറി പിഎച്ച് കുര്യന്‍ ഉറഞ്ഞുതുള്ളുകയാണ്. കുര്യനെ മാറ്റാന്‍ കഴിയാത്തത് പിടിപ്പുകേടാണ്. സിവില്‍ സപ്ലൈസ് വകുപ്പിലാകട്ടെ, പഴയ കരാറുകാര്‍ തന്നെയാണ് ഇപ്പോഴും ഭരിക്കുന്നത്. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ പോലും മന്ത്രിക്ക് കഴിയുന്നില്ല. 

എംഎല്‍എ ആയിരുന്നപ്പോള്‍ വലിയ ശുഷ്‌കാന്തി ഉള്ള ആളായിരുന്നു വി എസ് സുനില്‍കുമാര്‍. എന്നാല്‍ കൃഷി മന്ത്രിയായതോടെ പ്രവൃത്തിയില്‍ ആ ശുഷ്‌കാന്തിയൊന്നും കാണാനില്ല. വനംവകുപ്പിലാകട്ടെ, മന്ത്രി ഉള്ളതും ഇല്ലാത്തതും കണക്കാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിമാര്‍ക്കെതിരെ പ്രതിനിധികള്‍ ആഞ്ഞടിച്ചത്. 

വിദ്യാഭ്യാസം കുറവാണെങ്കിലും, സിപിഐ മന്ത്രിമാരേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് വൈദ്യുതമന്ത്രി എംഎം മണി കാഴ്ച വെക്കുന്നതെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അതേസമയം പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ കുറവുകളുണ്ടെങ്കില്‍, അക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com