13 കോടി കള്ളക്കണക്ക്, കൊടുക്കാനുള്ളത് 1.72 കോടിയെന്ന് ബിനീഷ് കോടിയേരി

13 കോടി കള്ളക്കണക്ക്, കൊടുക്കാനുള്ളത് 1.72 കോടിയെന്ന് ബിനീഷ് കോടിയേരി
13 കോടി കള്ളക്കണക്ക്, കൊടുക്കാനുള്ളത് 1.72 കോടിയെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം: ബിനോയ് കോടിയേരി യുഎഇ പൗരനായ ഹസന്‍ അല്‍ മര്‍സൂഖിക്ക് പതിമൂന്നു കോടി രൂപ നല്‍കാനുണ്ടെന്നത് കള്ളക്കണക്കെന്ന് സഹോദരന്‍ ബിനീഷ് കോടിയേരി. ഒരു കോടി എഴുപത്തിരണ്ടു ലക്ഷംരൂപയുടെ ഇടപാടാണ് അവര്‍ തമ്മിലുള്ളത്. അതിനുള്ള കേസാണ് ഇപ്പോള്‍ ദുബൈയിലുള്ളതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ഈ കേസ് നിലവിലുള്ളതിനാല്‍ ബിനോയിക്ക് നാട്ടിലേക്കു വരുന്നതിനു വിലക്കുണ്ടെന്ന് ബിനീഷ് സ്ഥിരീകരിച്ചു.

1.72 കോടിയുടെ സിവില്‍ കേസാണ് ബിനോയിക്കെതിരെയുള്ളത്. അതു കൊടുത്തു തീര്‍ത്താല്‍ ബിനോയിക്ക് യുഎഇ വിടാം. ഇപ്പോള്‍ അത്രയും പണം ഇല്ലാത്തതുകൊണ്ടാണ് ബിനോയിക്കു യുഎഇയില്‍ തുടരേണ്ടിവരുന്നത്. കേസ് വന്നതിലൂടെ കൊടുക്കാനുള്ള പണം എത്രയെന്ന് വ്യക്തമായെന്ന് ബിനീഷ് ചൂണ്ടിക്കാട്ടി.

താനും സഹോദരനും മുതിര്‍ന്ന ആളുകളാണ്. തങ്ങളുടെ ബിസിനസിലോ പണിടപാടുകളിലോ അച്ഛന് പങ്കൊന്നുമില്ല. തങ്ങള്‍ ചെയ്യുന്ന തെറ്റിന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്തിനാണ് മറുപടി പറയുന്നതെന്ന് ബിനീഷ് ചോദിച്ചു. പാര്‍ട്ടി സംസ്ഥാന സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നതിന് പിന്നിലെ താത്പര്യം വ്യക്തമാണെന്ന് ബിനീഷ് പറഞ്ഞു.

മര്‍സൂഖി വാര്‍ത്താ സമ്മേളനം നടത്തുന്നതുകൊണ്ട് തങ്ങള്‍ക്കു പ്രശ്‌നമൊന്നുമില്ല. ബിനോയിക്കെതിരെ പറയുന്നതിന് കോടതിയുടെ വിലക്കൊന്നുമില്ല. പിന്നെ എന്തുകൊണ്ടാണ് മര്‍സൂഖി വാര്‍ത്താ സമ്മേളനം നടത്താത്തതെന്ന് ബിനീഷ് ചോദിച്ചു. സിപിഎമ്മിന്റെ തിരുവനനന്തപുരം ജില്ലാ സമ്മേളനനഗരിയില്‍ വാര്‍ത്താ ലേഖകരോടു പ്രതികരിക്കുകയായിരുന്നു ബിനീഷ് കോടിയേരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com