കോടിയേരിയുടെത് ധൃതരാഷ്ട്രരുടെ പുത്രസ്‌നേഹമെന്ന് കുമ്മനം

ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള നാണംകെട്ട വ്യവസായമാണോ ബിനോയ് ദുബായില്‍ നടത്തുന്നതെന്ന് കുമ്മനം 
കോടിയേരിയുടെത് ധൃതരാഷ്ട്രരുടെ പുത്രസ്‌നേഹമെന്ന് കുമ്മനം

തിരുവനന്തപുരം: ജനങ്ങളോട് തുറന്ന് പറയാന്‍ കഴിയാത്ത എന്ത് നാണംകെട്ട വ്യവസായമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ദുബായില്‍ ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

നിരവധി തവണ എം.എല്‍.എയും സംസ്ഥാന ആഭ്യന്തരമന്ത്രിയുമൊക്കെയായ കോടിയേരിയുടെ മക്കള്‍ നടത്തുന്ന വ്യവസായത്തെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനാണ് കള്ളംപറഞ്ഞതെന്ന് കോടിയേരി വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഇക്കാര്യം ആവശ്യപ്പെട്ടത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


മകനെതിരെ ദുബായില്‍ കേസില്ലെന്നും യാത്രാവിലക്കില്ലെന്നും കള്ളം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം. 
ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ കേരളത്തിലെ ജനങ്ങളോട് കോടിയേരി തുറന്നു പറയണം. ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള നാണംകെട്ട വ്യവസായമാണോ ബിനോയ് ദുബായില്‍ നടത്തുന്നത്? 
നിരവധി തവണ എംഎല്‍എയും ആഭ്യന്തരമന്ത്രിയുമൊക്കെയായിരുന്ന കോടിയേരിയുടെ മക്കള്‍ നടത്തുന്ന വ്യവസായത്തെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനാണ് കള്ളംപറഞ്ഞതെന്ന് കോടിയേരി വിശദീകരിക്കണം. ഇപ്പോള്‍ പുറത്തു വന്നതിലും വലിയ സാമ്പത്തിക ഇടപാടുകളാണ് ബിനോയ് കോടിയേരി നടത്തിയിട്ടുള്ളത്. 
ഇത് വരും ദിവസങ്ങളില്‍ പുറത്തു വരും.

ഭരണത്തണലിലാണ് കോടിയേരിയുടെ മക്കള്‍ കോടികള്‍ സമ്പാദിച്ചത്. പാര്‍ട്ടിയെ ഉപകരണമാക്കി സ്വത്ത് സമ്പാദിക്കരുതെന്ന് കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. സ്വന്തം പാര്‍ട്ടി സെക്രട്ടറിക്ക് പോലും സംശയമുള്ള ഇടപാടുകളാണ് കോടിയേരിയുടെ മക്കള്‍ നടത്തുന്നത്. പുത്രസ്‌നേഹം മൂലം അവരുടെ എല്ലാ തെറ്റുകള്‍ക്കും കൂട്ടു നിന്ന ധൃതരാഷ്ട്രരെപ്പോലെ കോടിയേരി അധപതിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com