'ജയില്‍ ജീവനക്കാരും സഹതടവുകാരും കൊലപ്പുള്ളിയെപ്പോലെ കാണുന്നു' ; കേരളത്തിന് വെളിയിലേക്ക് മാറ്റണമെന്ന് ഗോവിന്ദച്ചാമി

ജയില്‍ ജീവനക്കാരും സഹതടവുകാരും കൊലപ്പുള്ളിയെപ്പോലെയാണ് കാണുന്നതും പെരുമാറുന്നതുമെന്നാണ് ഗോവിന്ദച്ചാമിയുടെ പ്രധാന പരാതി 
'ജയില്‍ ജീവനക്കാരും സഹതടവുകാരും കൊലപ്പുള്ളിയെപ്പോലെ കാണുന്നു' ; കേരളത്തിന് വെളിയിലേക്ക് മാറ്റണമെന്ന് ഗോവിന്ദച്ചാമി

കൊച്ചി : സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമി, തന്നെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്ത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി, ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് അപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ജയില്‍ ജീവനക്കാരും സഹതടവുകാരും കൊലപ്പുള്ളിയെപ്പോലെയാണ് കാണുന്നതും പെരുമാറുന്നതുമെന്നാണ് ഇയാളുടെ പ്രധാന പരാതി. 

കഴിക്കാന്‍ ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജയില്‍ അധികൃതര്‍ ആക്ഷേപിച്ചു. തന്നെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുന്നു തുടങ്ങിയ പരാതികളും ഇയാള്‍ ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെയോ, കര്‍ണാടകയിലേയോ ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. 

കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റിയാല്‍ തന്നേപ്പറ്റി കൂടുതല്‍ അറിയാന്‍ സാധ്യതയില്ലെന്ന് ഗോവിന്ദച്ചാമി കണക്കൂട്ടുന്നു. നേരത്തെയും കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. 

ഷൊര്‍ണൂരില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് സൗമ്യയെന്ന പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ബലാല്‍സംഗം ചെയ്ത് കൊല്ലുകയുമായിരുന്നു. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. കേരള ഹൈക്കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും, സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കുകയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com