പി രാജു സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തുടരും ; സിപിഎമ്മില്‍ നിന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നവരും ജില്ലാ കമ്മിറ്റിയില്‍

ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ഔദ്യോഗിക പാനലിലുള്ളവര്‍ വിജയിച്ചത്
പി രാജു സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തുടരും ; സിപിഎമ്മില്‍ നിന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നവരും ജില്ലാ കമ്മിറ്റിയില്‍

കൊച്ചി : സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജു തുടരും. ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് വിജയം. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ ആറുപേരാണ് മല്‍സരത്തിന് തയ്യാറായത്. ഇതേത്തുടര്‍ന്ന് ഞായറാഴ്ച രാത്രി വൈകിയും തുടര്‍ന്ന തെരഞ്ഞെടുപ്പ് നടപടികള്‍ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് പൂര്‍ത്തിയായത്. 

ജില്ലാ കമ്മിറ്റിയിലേക്ക് 51 അംഗങ്ങളുടെ പേരാണ് ജില്ലാ സെക്രട്ടറി പി രാജു അവതരിപ്പിച്ചത്. ഇതിനെതിരെ പറവൂരില്‍ നിന്നുള്ള പി ഡി വര്‍ഗീസ്, എ കെ സുരേഷ്, പെരുമ്പാവൂരില്‍ നിന്നുള്ള രാജേഷ് കാവുങ്കല്‍, തൃക്കാക്കരയിലെ പി എ നായര്‍, ഇ കെ സുനില്‍കുമാര്‍, എംജെ ഡിക്‌സണ്‍ എന്നിവരാണ് മല്‍സരിക്കാന്‍ രംഗത്തുവന്നത്. തുടര്‍ന്ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ഔദ്യോഗിക പാനലിലുള്ളവര്‍ വിജയിച്ചത്. 

അതേസമയം മല്‍സരരംഗത്തുണ്ടായിരുന്നവര്‍ക്ക് മിക്കവര്‍ക്കും നല്ല ശതമാനം വോട്ടുകിട്ടിയതായാണ് സൂചന. ചിലര്‍ നിസ്സാര വോട്ടിനാണ് പരാജയപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം സിപിഎമ്മില്‍ നിന്ന് സിപിഐയിലെത്തിയ ടി രഘുവരന്‍, കെഡി ആന്റണി, ഡി ദിലീപ്കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചു. 
 
409 പ്രതിനിധികളാണ് തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തത്. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് വാശിയേറിയ വോട്ടെടുപ്പിലേക്ക് നീണ്ടതോടെ, ഞായറാഴ്ച വൈകീട്ട് സമാപിക്കേണ്ടിയിരുന്ന സമ്മേളനം ഇന്ന് രാവിലെയാണ് തീര്‍ന്നത്. ഇതോടെ ഞായറാഴ്ച വൈകീട്ട് തൃപ്പൂണിത്തുറയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക സംഗമം റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ മല്‍സരിച്ച് ജയിച്ചാണ് പി രാജു ജില്ലാ സെക്രട്ടറിയായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com