ജ്യോത്സ്യന് സ്വത്ത് എഴുതിവെച്ച് മൂന്നംഗ കുടുംബത്തിന്റെ മരണക്കുറിപ്പ്; കന്യാകുമാരിയിലെ പ്രസിദ്ധ ജ്യോത്സ്യന്‍ കസ്റ്റഡിയില്‍

തങ്ങള്‍ക്ക് മറ്റു ബന്ധുക്കളില്ലെന്നും സ്വത്തുക്കളെല്ലാം ജ്യോത്സ്യന് നല്‍കണമെന്നുമാണ് മരണക്കുറിപ്പില്‍ പറയുന്നത്
ജ്യോത്സ്യന് സ്വത്ത് എഴുതിവെച്ച് മൂന്നംഗ കുടുംബത്തിന്റെ മരണക്കുറിപ്പ്; കന്യാകുമാരിയിലെ പ്രസിദ്ധ ജ്യോത്സ്യന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം; മൂന്നംഗകുടുംബം തൂങ്ങിമരിച്ച സംഭവത്തില്‍ മരണക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട ജ്യോത്സ്യനെ കസ്റ്റഡിയിലെടുത്തു. കന്യാകുമാരിയിലെ പ്രസിദ്ധനായ ജ്യോത്സ്യനാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ശാസ്തമംഗലത്ത് അച്ഛനേയും അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബവുമായി അടുത്ത ബന്ധമുള്ള ജ്യോത്സ്യനെ ഇന്നലെ വൈകുന്നേരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. പണിക്കേഴ്‌സ് ലെയ്ന്‍ വനമാലിയില്‍ സുകുമാരന്‍ നായര്‍ (65), ഭാര്യ ആനന്ദവല്ലി (55), മകന്‍ സനാതനന്‍(30) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തങ്ങള്‍ക്ക് മറ്റു ബന്ധുക്കളില്ലെന്നും സ്വത്തുക്കളെല്ലാം ജ്യോത്സ്യന് നല്‍കണമെന്നുമാണ് മരണക്കുറിപ്പില്‍ പറയുന്നത്. ഇതാണ് ജ്യോത്സ്യനില്‍ സംശയമുണ്ടാകാന്‍ കാരണമായത്. കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് വിധിയെഴുതിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. 

മരണക്കുറിപ്പില്‍ ജ്യോത്സ്യന്റെ പേര് കണ്ടതിനെത്തുടര്‍ന്ന് വിവരങ്ങള്‍ ചോദിച്ചറിയാനായി ആദ്യം വിളിച്ചപ്പോള്‍ പൊലീസിനോട് സഹകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ജ്യോത്സ്യന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചത്. മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലുമാണ് മരണക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഇതില്‍ തമിഴിലെ കുറിപ്പിലാണ് ജ്യോത്സ്യനെക്കുറിച്ച് പരാമര്‍ശമുള്ളത്. 

മകന്‍ മരിച്ച് നാല് മണിക്കൂര്‍ കഴിഞ്ഞാണ് മാതാപിതാക്കള്‍ മരിച്ചതെന്നാണ് സൂചന. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല. സനാതനന്‍ അറിയപ്പെടുന്ന ജ്യോത്സ്യനാകുമെന്ന് കസ്റ്റഡിയിലായ ജ്യോത്സ്യന്‍ നേരത്തെ പ്രവചിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com