മേല്‍ക്കൂര തകര്‍ത്ത കാട്ട്‌പോത്ത് അകത്ത് വീണു: നഷ്ടപരിഹാരം കിട്ടുന്നതുവരെ നാട്ടുകാര്‍ തടഞ്ഞ്‌വെച്ചു

ഒന്‍പത്‌ മണിക്കൂര്‍ വീടിനുള്ളില്‍ കുടുങ്ങിയ കാട്ടുപോത്ത് വീണ്ടും കാടുകയറിയത് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ്.
മേല്‍ക്കൂര തകര്‍ത്ത കാട്ട്‌പോത്ത് അകത്ത് വീണു: നഷ്ടപരിഹാരം കിട്ടുന്നതുവരെ നാട്ടുകാര്‍ തടഞ്ഞ്‌വെച്ചു

മറയൂര്‍: അര്‍ധരാത്രി റോഡ് നിരപ്പിലുള്ള വീടിന്റെ മുകളില്‍ കയറിയ കാട്ടുപോത്ത് മേല്‍ക്കൂര തകര്‍ന്ന് വീടിനുള്ളില്‍ വീണു. ഞായറാഴ്ച രാത്രി 12.15 നാണ് സംഭവം. ഈ സമയം വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. പഴനി ശബരി തീര്‍ഥാടന പാതയില്‍ മറയൂരില്‍നിന്ന് ആറുകിലോമീറ്റര്‍ അകലെ പള്ളനാട് ഭാഗത്ത് റോഡരുകിലുള്ള വീട്ടിലേക്കാണ് കാട്ട്‌പോത്ത് വീണത്.

വനപാലകര്‍ എത്തിയപ്പോള്‍ വീടിനകത്തെ സാധനങ്ങളെല്ലാം തകര്‍ത്ത കാട്ടുപോത്തിനെ പുറത്തു വിടില്ലെന്നായി വീട്ടുടമയും നാട്ടുകാരും. ഒന്‍പത്‌
മണിക്കൂര്‍ വീടിനുള്ളില്‍ കുടുങ്ങിയ കാട്ടുപോത്ത് വീണ്ടും കാടുകയറിയത് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ്.

പള്ളനാട് തിരുമുല്‍സ്വാമി വാടകയ്ക്ക് നല്‍കിയ വീട്ടിലേക്കാണ് കാട്ട്‌പോത്ത് വീണത്. വീടിന്റെ മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റിനു മുകളില്‍ കയറിയ കാട്ടുപോത്ത് ഷീറ്റ് തകര്‍ന്ന് വീടിനുള്ളില്‍ പതിക്കുകയായിരുന്നു. അനേനേരം താമസക്കാരായ രാംകുമാര്‍, ഭാര്യ മേഖല, അമ്മ സരസ്വതി എന്നിവര്‍ സമീപത്ത് ബന്ധുവിന്റെ മരണവീട്ടിലായിരുന്നു. 

വീടിനുള്ളില്‍ നിന്നും ശബ്ദം കേട്ട് അയല്‍വാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് രാംകുമാര്‍ എത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ കാട്ടുപോത്തിനെ കണ്ടത്. വീട്ടിലെ മുഴുവന്‍ ഉപകരണങ്ങളും കാട്ടുപോത്ത് തകര്‍ന്നു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ കാട്ടുപോത്തിനെ പുറത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും രോഷാകുലരായ പ്രദേശവാസികള്‍ തടഞ്ഞു.

പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ പ്രദേശവാസികളുമായി ചര്‍ച്ചനടത്തി. മുന്‍കരുതല്‍ സ്വീകരിച്ചശേഷം രാവിലെ കാട്ടുപോത്തിനെ രക്ഷപ്പെടുത്താമെന്ന ധാരണയിലെത്തി. സ്ഥിരമായി കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടാകുന്നതിനാല്‍ വീടിന്റെ ഉടമയ്ക്കും താമസക്കാരനും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എയെ വിവരം അറിയിച്ചു. വനംമന്ത്രിയെ കണ്ട എംഎല്‍എ അടിയന്തിര നടപടി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനം മന്ത്രി കെ രാജു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം 1.70 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കി.

രാവിലെ ഒമ്പതരയോടെ മറയൂര്‍ അഡീഷണല്‍ എസ്‌ഐ ടി ആര്‍ രാജന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം പ്രദേശവാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിലേക്ക് കടക്കാതിരിക്കാനും അപകടം ഒഴിവാക്കാനുമായി വാഹനങ്ങള്‍ കൊണ്ട് കവചം ഒരുക്കിയശേഷം  വനംവകുപ്പ് വാച്ചര്‍ സെല്‍വരാജ് വീടിന്റെ വാതില്‍ തുറന്നു. ഉടന്‍ പുറത്തേക്ക് പാഞ്ഞ കാട്ടുപോത്ത് റോഡിന് എതിര്‍വശമുള്ള ചിന്നവര വനത്തിലേക്ക് ഓടിമറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com