"സേനയുടെ അന്തസ്സ് കാണിക്കുന്നതു നട്ടെല്ല് അങ്ങോട്ടുമിങ്ങോട്ടും വളച്ചിട്ടല്ല" ; സര്‍ക്കാരിന്റെ കുറ്റപത്രത്തിന് ജേക്കബ് തോമസിന്റെ മറുപടി

ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്ന് ഇനിയും അറിയില്ല. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയാണോ വേണ്ടത്?
"സേനയുടെ അന്തസ്സ് കാണിക്കുന്നതു നട്ടെല്ല് അങ്ങോട്ടുമിങ്ങോട്ടും വളച്ചിട്ടല്ല" ; സര്‍ക്കാരിന്റെ കുറ്റപത്രത്തിന് ജേക്കബ് തോമസിന്റെ മറുപടി

തിരുവനന്തപുരം :  അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുക തന്റെ കടമയാണെന്ന് ഐഎംജി മുന്‍ തലവന്‍ ജേക്കബ് തോമസ്. ചീഫ് സെക്രട്ടറി നല്‍കിയ കുറ്റപത്രത്തിന് നല്‍കിയ മറുപടിയിലാണ് ജേക്കബ് തോമസ് തന്റെ വിമര്‍ശനത്തെ ന്യായീകരിച്ചത്. പൊലീസിന്റെ അന്തസ്സ് എന്നാല്‍ അങ്ങോട്ടുമിങ്ങോട്ടും വളയുന്ന നട്ടെല്ല് അല്ലെന്നും കുറ്റാരോപണ മെമ്മോയ്ക്കുള്ള മറുപടിയില്‍ ജേക്കബ് തോമസ് വ്യക്തമാക്കി. 

'ഓഖി ദുരന്തം സംബന്ധിച്ച പ്രസംഗം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നത് ശരിയല്ല. ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്ന് ഇനിയും അറിയില്ല. ഇതു സര്‍ക്കാരും സമ്മതിക്കുന്നതാണ്. ഓഖി മുന്നറിയിപ്പ് നവംബര്‍ 29നു രാവിലെ 11.50നു ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ ലഭിച്ചിരുന്നു. ഉച്ചയ്ക്കും വൈകിട്ട് 7.15നും അടുത്ത മുന്നറിയിപ്പുകള്‍ ലഭിച്ചു. ആദ്യത്തെ സന്ദേശം കണ്ടില്ലെങ്കില്‍ ചീഫ് സെക്രട്ടറി മൂന്നാമത്തേതെങ്കിലും കാണേണ്ടതല്ലേ? റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയാണോ വേണ്ടത്?' 
 
'രാജ്യാന്തര അഴിമതിവിരുദ്ധ ദിനമായ ഡിസംബര്‍ ഒന്‍പതിനാണ് അഴിമതിക്കെതിരെ പ്രസംഗിച്ചതും പ്രതിജ്ഞ ചൊല്ലിയതും. അഴിമതിയും നിയമവാഴ്ചയുമായുള്ള ബന്ധം തെളിയിക്കുന്ന യുഎന്‍ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി തയാറാക്കിയ പ്രസംഗമായിരുന്നു അത്. സ്വന്തം പ്രതിച്ഛായ ഉണ്ടാക്കുന്നതു സര്‍ക്കാരല്ലേ, ഞാനല്ലല്ലോ.' വിവാദപ്രസംഗം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന ആരോപണത്തിന് ജേക്കബ് തോമസ് മറുപടി നല്‍കി.

ഡിസംബര്‍ ഒന്‍പത് രാജ്യാന്തര അഴിമതിവിരുദ്ധ ദിനമായി ആചരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. 2014ല്‍ വിജിലന്‍സ് എഡിജിപി ആയിരിക്കെ ഞാനാണ് ആ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 2015ല്‍ സര്‍ക്കാര്‍ ഇതു നടത്തിയില്ല. അന്നു പ്രസ് ക്ലബ്ബില്‍ ചടങ്ങ് നടത്തി ഞാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2016ല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. 2017ല്‍ പരിപാടി നടത്തിയില്ല. ഞാന്‍ പ്രസ് ക്ലബ്ബില്‍ യോഗം ഉദ്ഘാടനം ചെയ്തു. അഴിമതിവിരുദ്ധ ദിനം സര്‍ക്കാര്‍ മറന്നാലും എനിക്കു മറക്കാനാകില്ല.

സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സേനയുടെ അന്തസ്സ് തകര്‍ത്തു എന്ന ആരോപണത്തിന്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സേനയ്ക്കു മാതൃകയാകണമെന്നായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം. സേനയുടെ അന്തസ്സ് കാണിക്കുന്നതു നട്ടെല്ല് അങ്ങോട്ടുമിങ്ങോട്ടും വളച്ചിട്ടല്ല. ദിവസവും അഴിമതിവിരുദ്ധ പ്രതിജ്ഞ എടുത്തു പ്രവര്‍ത്തിക്കുകയാണ് എന്റെ മാതൃക. ജേക്കബ് തോമസ് വ്യക്തമാക്കി. 

പ്രസംഗങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സര്‍ക്കാരിന്റെ അന്തസ്സും പ്രതിച്ഛായയും തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 18 ന് ആണ്  സര്‍ക്കാര്‍ ജേക്കബ് തോമസിന് കുറ്റപത്രം നല്‍കിയത്. രാജ്യാന്തര അഴിമതിവിരുദ്ധ ദിനത്തില്‍ ജേക്കബ് തോമസ് പ്രസ് ക്ലബ്ബില്‍ നടത്തിയ പ്രസംഗം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്ന് മെമ്മോയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  അഴിമതിക്കെതിരെ സംസാരിക്കുന്നവരെ 51 വെട്ട് വെട്ടിയില്ലെങ്കിലും നിശബ്ദമാക്കും എന്നിവയടക്കമുള്ള മറ്റു പരാമര്‍ശങ്ങള്‍ ചീഫ് സെക്രട്ടറിയുടെ മെമ്മോയില്‍ ഉന്നയിച്ചിരുന്നില്ല. അതിനാല്‍ മറുപടിയിലും അതു വിശദീകരിച്ചിട്ടില്ല. 

വിവാദ പ്രസംഗത്തെ തുടര്‍ന്നു ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനു ശേഷവും ഫെയ്‌സ് ബുക്കിലൂടെ വിമര്‍ശനം തുടര്‍ന്നതോടെയാണു ചീഫ് സെക്രട്ടറി മെമ്മോ നല്‍കിയത്. പൊതുഭരണ സെക്രട്ടറിക്കും മറുപടിയുടെ പകര്‍പ്പ് ഇ മെയിലില്‍ നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com