യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ദുബായ് കോടതിയില്‍ അപ്പീല്‍ നല്‍കി 

ബിനോയിക്കെതിരായ കേസ് കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി
യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ദുബായ് കോടതിയില്‍ അപ്പീല്‍ നല്‍കി 

ദുബായ് : സാമ്പത്തിക തട്ടിപ്പ് കേസില്‍ യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയി കോടിയേരി ദുബായ് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി. അടിയന്തിരകോടതി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കണമെന്നാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ നല്‍കിയ അപ്പീലില്‍ ബിനോയി ആവശ്യപ്പെട്ടിട്ടുള്ളത്. ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി നല്‍കിയ സിവില്‍ കേസിലാണ് കഴിഞ്ഞദിവസം കോടതി ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. 

ബാങ്ക് ഗ്യാരണ്ടിയോ തതുല്യമായ തുകയോ നല്‍കി കേസ് തുടരുകയാണെങ്കില്‍ യാത്രാവിലക്ക് മാറ്റാമെന്ന് ദുബായി അടിയന്തര കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മറ്റൊരാളുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് വിലക്കു മാറ്റിയെടുക്കാനുള്ള ശ്രമവും ബിനോയുടെ അഭിഭാഷകന്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ ബിനോയിക്കെതിരായ കേസ് കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കമ്പനി ഉടമ അബ്ദുള്ള അല്‍ മര്‍സൂക്കി. ഇടപാടിലെ മുഴുവന്‍ രേഖകളും സഹിതം മറ്റൊരു കേസ് കൂടി ഫയല്‍ ചെയ്യാനുള്ള നീക്കത്തിലാണ് മര്‍സൂക്കിയെന്നാണ് റിപ്പോര്‍ട്ട്. 

കോടിയേരി ബാലകൃഷ്ണന്റെ മറ്റൊരു മകനായ ബിനീഷ് കോടിയേരി ദുബായില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണെന്നതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.  2015 ആഗസ്റ്റില്‍ ബര്‍ദുബായി പോലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ബിനീഷിനെ ശിക്ഷിച്ചത്.  40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി.

കേസില്‍ 2017 ഡിസംബര്‍ പത്തിന് രണ്ടുമാസം തടവാണ് ബിനീഷിന് ജഡ്ജി ഉമര്‍ അത്തീഖ് മുഹമ്മദ് ദിയാബ് അല്‍മറി വിധിച്ചത്. എന്നാല്‍ ശിക്ഷ അനുഭവിക്കാതെ ബിനീഷ് പുറപ്പെടുവിച്ച വിധിയില്‍ രണ്ടുമാസം തടവാണ് ശിക്ഷയായി നല്‍കിയിട്ടുള്ളത്. ഇതടക്കം മൂന്നു വര്‍ഷത്തിനിടെ മൂന്നു കേസുകളാണ് ബിനീഷിനെതിരെ ദുബായിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com