വയറിളക്കാനുള്ള മരുന്നില്‍ തൊണ്ടിമുതല്‍ പുറത്തായി, സിനിമാക്കഥ പോലെ ഒരു മോഷണ കഥ

വയറിളക്കാനുള്ള മരുന്നില്‍ തൊണ്ടിമുതല്‍ പുറത്തായി, സിനിമാക്കഥ പോലെ ഒരു മോഷണ കഥ
വയറിളക്കാനുള്ള മരുന്നില്‍ തൊണ്ടിമുതല്‍ പുറത്തായി, സിനിമാക്കഥ പോലെ ഒരു മോഷണ കഥ

കൊച്ചി: തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലേതു പോലെയായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ പൊലീസുകാരുടെ ജീവിതം. പ്രതിയുടെ വയറിനുള്ളിലായ തൊണ്ടിമുതല്‍ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അവര്‍. പഴവും വെള്ളവും അങ്ങനെ പല പരീക്ഷണങ്ങളും നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ വയറിളക്കാനുള്ള മരുന്നു തന്നെ കൊടുത്തതോടെ കാത്തിരിപ്പു ഫലം കണ്ടു, തൊണ്ടിമുതല്‍ പൊലീസിന്റെ കസ്റ്റഡിയിലായി, പ്രതി റിമാന്‍ഡിലും.

മോഷ്ടിച്ച അരപ്പവന്റെ മോതിരം വിഴുങ്ങിയ കോഴിക്കോട് ഫറോക്ക് സ്വദേശി മനോജ്കുമാറിന്റെ വയറ്റില്‍നിന്നാണ് പൊലീസ് തൊണ്ടിമുതല്‍ പുറത്തെടുത്തത്. ലിസി മെട്രൊ സ്റ്റേഷനു സമീപത്തെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് മോഷ്ടിച്ച മോതിരമാണ് പ്രതി വിഴുങ്ങിയത്. 

ലിസി ആശുപത്രിക്കു സമീപത്തെ കോണ്‍വെന്റില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷമാണ് പ്രതി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ ബാഗ് കൈക്കലാക്കിയത്. ബാഗില്‍നിന്നാണു പണവും മോതിരവും ഫോണുംലഭിച്ചത്. ഫോണ്‍ മേനകയിലെ കടയില്‍ വിറ്റു. 

സിസിടിവി ദൃശ്യങ്ങളില്‍ കുടങ്ങിയ പ്രതിയെ ലിസി മെട്രൊ സ്റ്റേഷനു സമീപത്തുനിന്നു തന്നെയാണ് പൊലീസ് പൊക്കിയത്. പൊലീസിനെ കണ്ടയുടന്‍ ഇയാള്‍ കയ്യിലുണ്ടായിരുന്ന മോതിരം വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എക്‌സ്‌റേ എടുത്തപ്പോള്‍ മോതിരം വയറിനുള്ളിലുണ്ടെന്നു കണ്ടെത്തി. 

മോതിരം പുറത്തെത്തിക്കുന്നതിന് ആദ്യം വെള്ളവും പഴവുമൊക്കെ കൊടുത്താണ് പൊലീസ് ശ്രമം നടത്തിയത്. പൊലീസുകാര്‍ക്ക് അറിയാവുന്ന നാട്ടുമരുന്നുകളൊക്കെ കൊടുത്തിട്ടും മോതിരം പുറത്തെത്തിയില്ല. ഒടുവില്‍ വയറിളക്കാനുള്ള മരുന്നു കൊടുക്കുകയായിരുന്നു. വയറു കഴുകി കാലിയായതോടെ മോതിരം പുറത്തേക്കു വന്നു. 

കോടതിയില്‍ ഹാജരാക്കിയ മനോജ്കുമാറിനെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com