"ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും" ; കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഭരത് ഭൂഷണ്‍

കേസില്‍ താനൊരു രാഷ്ട്രീയ കരുവാക്കപ്പെടുകയായിരുന്നു. പൊതു സമൂഹത്തിന് മുന്നില്‍ താന്‍ അപഹാസ്യനാക്കപ്പെട്ടെന്നും ഭരത് ഭൂഷണ്‍
"ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും" ; കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഭരത് ഭൂഷണ്‍

കൊച്ചി : പാറ്റൂര്‍ ഭൂമി ഇടപാട് കേസിലെ എഫ്‌ഐആര്‍ റദ്ദാക്കിയ കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍. ഒടുവില്‍ സത്യം വിജയിച്ചെന്നും അദ്ദേഹം പ്രതികരിച്ചു. കേസില്‍ താനൊരു രാഷ്ട്രീയ കരുവാക്കപ്പെടുകയായിരുന്നു. പൊതു സമൂഹത്തിന് മുന്നില്‍ താന്‍ അപഹാസ്യനാക്കപ്പെട്ടെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.

തനിക്കെതിരെ ആക്ഷേപം ഉന്നയിക്കും മുമ്പ് ആരും തന്നോട് വിശദീകരണം പോലും ചോദിച്ചില്ല. 36 വര്‍ഷത്തെ സര്‍വീസിനിടെ തനിക്ക് ഒരു തവണ പോലും നോട്ടീസ് ലഭിച്ചിട്ടില്ല. എന്നാല്‍ പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട് എന്തുമാത്രം ഡിസ്‌ഗ്രേസ് നേരിടേണ്ടി വന്നു. 

അഴിമതിക്കെതിരെ നിലപാടെടുക്കുന്നു എന്നു പറയുന്ന ചില ചാമ്പ്യന്മാരും കേസില്‍ രംഗത്തുവന്നുവെന്ന് ഭരത് ഭൂഷണ്‍ പറഞ്ഞു. കേസില്‍ ജേക്കബ് തോമസിനെതിരായ കോടതി വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍, ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നായിരുന്നു പ്രതികരണം. 

താന്‍ ചീഫ് സെക്രട്ടറിയായിരിക്കെ, പാറ്റൂരിലെ ഭൂമിയിലൂടെ കടന്നുപോകുന്ന പൈപ്പ് സര്‍ക്കാര്‍ ഭൂമിയിലാണോ, സ്വകാര്യ ഭൂമിയിലൂടെയാണോ എന്നതാണ് എന്റെ മുമ്പില്‍ വന്നത്. പൈപ്പ് കടന്നുപോകുന്ന ഭൂമിയുടെ അവസാന ഭാഗം റവന്യൂ ഭൂമിയിലൂടെയാണെന്ന് സംശയമുണ്ടെന്നും, സ്ഥലം സര്‍വേ ചെയ്യണമെന്നും ഞാന്‍ നോട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ രംഗത്തുവന്ന ആരും അക്കാര്യം ഹൈലൈറ്റ് ചെയ്തില്ല. എന്തായാലും കോടതി വിധിയില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് ഭരത് ഭൂഷണ്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com