പാറ്റൂര്‍ കേസ് അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞു; ഒരു ആരോപണത്തേയും ഭയക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി 

പാറ്റൂര്‍ ഭൂമി ഇടപാട് കേസ് അടിസ്ഥാന രഹിതമാണ് എന്ന് തെളിഞ്ഞുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
പാറ്റൂര്‍ കേസ് അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞു; ഒരു ആരോപണത്തേയും ഭയക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി 

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസ് അടിസ്ഥാന രഹിതമാണ് എന്ന് തെളിഞ്ഞുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം ജയിച്ചുവെന്നും തനിക്ക് ആശങ്കയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇത് ഒരടിസ്ഥാനവും ഇല്ലാത്ത കേസായിരുന്നു. ഏത് സമയത്താണ് പുറത്ത് വന്നത് തുടങ്ങിയത് എന്നത് ഒക്കെ ഇനി പുറത്തുവരാന്‍ ഇരിക്കുന്നുവെയുള്ളുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാറ്റൂര്‍ കേസില്‍ മാത്രമല്ല തനിക്കെതിരെ ഉയര്‍ന്ന ഒരു കേസിലും ഭയമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

അഴിമതി നിരോധന പ്രകാരമുള്ള കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.  സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നതല്ലെന്ന് കോടതി വിധി പ്രസ്താവത്തില്‍ വിലയിരുത്തി.

മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ മൂന്നാം പ്രതിയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാലാം പ്രതിയും, ആര്‍ടെക് എംഡി ടി എസ് അശോക് അഞ്ചാം പ്രതിയുമായാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജല അതോറിട്ടി എഞ്ചിനീയര്‍മാരാണ് കേസിലെ ആദ്യ രണ്ടു പ്രതികള്‍. പാറ്റൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒമ്പുത് സെന്റ് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാന്‍ പ്രതികള്‍ കൂട്ടുനിന്നു എന്നായിരുന്നു ആരോപണം.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണ് എന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്മേല്‍ ഹൈക്‌കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിശദീകരണം വൈകിയതിന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമര്‍ശിച്ചിരുന്നു. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ പൂര്‍ണ്ണമാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com