ബിഡിജെഎസ് ബിജെപി സഖ്യം ഉപേക്ഷിക്കുമോ?; നിര്‍ണായക സംസ്ഥാന നിര്‍വാഹകസമിതിയോഗം ഇന്ന് 

ബിജെപിയുമായുളള ബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തില്‍  ബിഡിജെഎസിന്റെ നിര്‍ണായക സംസ്ഥാന നിര്‍വാഹകസമിതിയോഗം ഇന്നു ചേര്‍ത്തലയില്‍
ബിഡിജെഎസ് ബിജെപി സഖ്യം ഉപേക്ഷിക്കുമോ?; നിര്‍ണായക സംസ്ഥാന നിര്‍വാഹകസമിതിയോഗം ഇന്ന് 

ചേര്‍ത്തല: ബിജെപിയുമായുളള ബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തില്‍  ബിഡിജെഎസിന്റെ നിര്‍ണായക സംസ്ഥാന നിര്‍വാഹകസമിതിയോഗം ഇന്നു ചേര്‍ത്തലയില്‍ . ഭാവി രാഷ്ട്രീയ നിലപാടുകള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. എന്‍ഡിഎ മുന്നണി വിടുമെന്ന സൂചനകള്‍ നിലനില്‍ക്കെയാണു യോഗം. 

ആസന്നമായ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കണമെന്ന നിര്‍ദേശം പ്രാദേശിക ഘടകം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ ഇന്ന് യോഗത്തിലുണ്ടാകുമെന്നാണ് വിവരം. 

അതേസമയം, എന്‍ഡിഎ മുന്നണിയുമായി വിലപേശലിനുള്ള അവസരമായാണു സംസ്ഥാന നേതൃത്വം ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിലാണു യോഗം.

ബിഡിജിഎസ് സഖ്യത്തിലൂടെ നേട്ടമുണ്ടാക്കിയ എന്‍ഡിഎ മുന്നണി പിന്നീടു പാര്‍ട്ടിയോടു നീതി പുലര്‍ത്തിയില്ലെന്നാണ് ആക്ഷേപം. 2011ലെ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍നിന്ന് ആറായിരത്തിലധികം വോട്ടുകള്‍ നേടിയ ബിജെപി സ്ഥാനാര്‍ഥിക്കു കഴിഞ്ഞതവണ 42,000ല്‍ കൂടുതല്‍ വോട്ടുകളാണു ലഭിച്ചത്. ഇതു തങ്ങളുടെ സഹായം കൊണ്ടാണെന്നാണു ബിഡിജെഎസ് പ്രാദേശിക നേതൃത്വത്തിന്റെ വാദം. പക്ഷേ അതിന്റെ പരിഗണന പിന്നീടു കിട്ടിയില്ല. ഈ സാഹചര്യത്തില്‍ എന്‍ഡിഎയുമായി സഹകരിക്കാനാകില്ലെന്നാണു പറയുന്നത്.

 ബിഡിജെഎസിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമം സംസ്ഥാന തലത്തില്‍ നടക്കുന്നുണ്ട്.

ബിജെപിയുമായുള്ള രാഷ്ട്രീയസഖ്യം ഗുണംചെയ്യില്ലെന്നും ഇടതുമുന്നണിയുടെ ഭാഗമാകണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ രാഷ്ട്രീയ നിലപാടിലേക്ക് ബിഡിജെഎസ് എത്തിയിട്ടില്ല.

അതേസമയം, ബിഡിജെഎസ് എന്‍ഡിഎ മുന്നണിയുടെ ഭാഗം തന്നെയാണെന്നും എന്‍ഡിഎ വിട്ടു പോകുമെന്നു പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആരും പറഞ്ഞിട്ടില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com