പൊതുജനാരോഗ്യം മുന്‍നിര്‍ത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ആരോഗ്യവകുപ്പിന് കിട്ടിയ അംഗീകാരം : മന്ത്രി കെ കെ ശൈലജ

ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിരുന്നു
പൊതുജനാരോഗ്യം മുന്‍നിര്‍ത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ആരോഗ്യവകുപ്പിന് കിട്ടിയ അംഗീകാരം : മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : ആരോഗ്യമേഖലയില്‍ കേരളമാണ് രാജ്യത്ത് ഒന്നാമതെന്ന നീതി ആയോഗ് റിപ്പോര്‍ട്ട് ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ കൈവരിച്ച വലിയ നേട്ടത്തിനുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിരുന്നു. ആരോഗ്യ മേഖലയില്‍ 4,000ലധികം തസ്തികകളാണ് സൃഷ്ടിച്ചത്. 

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്. സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക്, ജില്ലാ, ജനറല്‍ എന്നീ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വിപുലീകരിച്ചു. ഇതോടൊപ്പം താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ട്രോമകെയര്‍ സംവിധാനം നടപ്പിലാക്കി വരികയാണ്. മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര ട്രോമകെയര്‍ സംവിധാനമാണൊരുക്കുന്നത്.  

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് 'ജാഗ്രത' എന്ന പേരില്‍ പദ്ധതി തയ്യാറാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏകോപനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ഇങ്ങനെ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന ആരോഗ്യ വകുപ്പിന് കിട്ടിയ അംഗീകാരമാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com