പ്രിന്‍സിപ്പലിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ രക്ഷിതാക്കളുടെ ഭീഷണിയെന്ന് ആരോപണം;  ഭീഷണിപ്പെടുത്തിയത് വിദ്യാര്‍ത്ഥിനികളുടെ വെള്ളമടി പിടികൂടിയതിന്

അഷ്ടമുടി ഗവ. ഹര്‍സെക്കന്ററി സ്‌കൂളിലെ പ്രധാനാധ്യാപിക എസ്. ശ്രീദേവിയെ കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രിന്‍സിപ്പലിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ രക്ഷിതാക്കളുടെ ഭീഷണിയെന്ന് ആരോപണം;  ഭീഷണിപ്പെടുത്തിയത് വിദ്യാര്‍ത്ഥിനികളുടെ വെള്ളമടി പിടികൂടിയതിന്

കൊല്ലം: ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ രക്ഷിതാക്കളുടെ ഭീഷണിയുണ്ടെന്ന ആരോപണവുമായി അധ്യാപക സംഘടന രംഗത്ത്. അഷ്ടമുടി ഗവ. ഹര്‍സെക്കന്ററി സ്‌കൂളിലെ പ്രധാനാധ്യാപിക എസ്. ശ്രീദേവിയെ കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വിദ്യാര്‍ത്ഥിനികള്‍ മദ്യപിക്കുന്നത് കൈയോടെ പിടികൂടിയ അധ്യാപികയെ രക്ഷകര്‍ത്താക്കള്‍ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ എ.കെ.എസ്ടിയു ആണ്  രംഗത്തെത്തിയിരിക്കുന്നത്. 

ശ്രീദേവി ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പാണ് ക്ലാസില്‍ ഇരുന്ന് മദ്യപിച്ച മൂന്ന് വിദ്യാര്‍ത്ഥിനികളെ പിടികൂടിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിപ്പിച്ച് പ്രിന്‍സിപ്പല്‍ താക്കീത് ചെയ്ത് വിട്ടു. എന്നാല്‍ ഇതില്‍ ഒരു കുട്ടിയുടെ രക്ഷിതാവ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നു.വിദ്യാര്‍ത്ഥിനിയുടെ ബന്ധുവായ ഒരു പൊലീസുകാരനും പിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

 അധ്യാപികയുടെ മരണത്തെത്തുടര്‍ന്ന് സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ച അധ്യാപികയ്ക്ക് ഇങ്ങനെയൊരു ശിക്ഷ നല്‍കരുതായിരുന്നു എന്നായിരുന്നു പോസ്റ്റ്. ഇത് വിവാദമായതോടെ കുട്ടി പോസ്റ്റ് പിന്‍വലിച്ചു. 

സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ കുണ്ടറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. നിലവിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചെന്നും ഇതില്‍ വസ്തുതയുണ്ടെന്ന് തോന്നുന്നില്ലെന്നും കുണ്ടറ എസ്‌ഐ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com