നഴ്‌സിങ് സമരം: ചേര്‍ത്തലയില്‍ നഴ്‌സുമാരുടെ റോഡ് ഉപരോധത്തിനിടെ പൊലീസ് അതിക്രമം

മാനേജ്‌മെന്റ് ഒരുതരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാവാത്തതും സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതുമാണ് ഇത്തരത്തില്‍ ഒരു ഉപരോധ സമരത്തിലേക്ക് കടക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് എന്ന് സമരക്കാര്‍ പറയുന്നു.
നഴ്‌സിങ് സമരം: ചേര്‍ത്തലയില്‍ നഴ്‌സുമാരുടെ റോഡ് ഉപരോധത്തിനിടെ പൊലീസ് അതിക്രമം

ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്. മര്‍ദനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍ത്ത താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച സംസ്ഥാനത്ത് നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

കഴിഞ്ഞ 176 ദിവസമായി നടന്നു വരുന്ന സമരത്തിന്റെ ഭാഗമായാണ് നഴ്‌സിംഗ് സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. യുഎന്‍എയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്റെ നിരാഹാരം രണ്ടു ദിവസം പിന്നിട്ടതിനിടക്കാണിത്. 

റോഡ് ഉപരോധനത്തിനിടെയുണ്ടായ അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വനിതാ പൊലീസുകാര്‍ അടക്കം വന്‍ സന്നാഹത്തോടെയാണ് പൊലീസ് തങ്ങളെ ആക്രമിച്ചതെന്ന് യുഎന്‍എ രക്ഷാധികാരി വല്‍സന്‍ രാമന്‍കുളത്ത് പറഞ്ഞു. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സമരക്കാരെ പരിക്കോടുകൂടിയാണ് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ അപവാദപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നത്.

മിനിമം വേതനവും, മൂന്നു ഷിഫ്റ്റ് സമ്പ്രദായവും ഉള്‍പ്പടെയുള്ള ന്യായമായ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ മാനേജ്‌മെന്റ് ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു. തങ്ങള്‍ക്കു നേരെ നടക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനും കൊടി പിടിച്ചതിന്റെ പേരില്‍ പിരിച്ചു വിട്ട സഹപ്രവര്‍ത്തകരെ തിരിച്ചെടുക്കുന്നതിനുമായി 117 നഴ്‌സുമാരാണ് ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്നില്‍ സമരം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com