വിജിലന്‍സ് ഡയറക്ടര്‍ പദവി എക്‌സ് കേഡര്‍ ആയി തരംതാഴ്ത്തണം ; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു

കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിനാണ് കത്ത് നല്‍കിയത്. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനം കേഡര്‍ റാങ്കിലേക്ക് ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍
വിജിലന്‍സ് ഡയറക്ടര്‍ പദവി എക്‌സ് കേഡര്‍ ആയി തരംതാഴ്ത്തണം ; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ പദവി എക്‌സ് കേഡര്‍ ആയി തരംതാഴ്ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിനാണ് കത്ത് നല്‍കിയത്. 

മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. കേഡര്‍ തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എക്‌സ് കേഡറാക്കണം. പകരം ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനം കേഡര്‍ റാങ്കിലേക്ക് ഉയര്‍ത്താനും സര്‍ക്കാര്‍ കത്തില്‍ ശുപാര്‍ശ ചെയ്തതായാണ് സൂചന. 

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ കത്തും ചട്ടപ്രകാരമല്ലെന്ന് ആരോപണമുണ്ട്.  കേഡര്‍ റിവ്യൂ യോഗം ചേര്‍ന്നശേഷം മാത്രമേ ഇത്തരം തീരുമാനമെടുക്കാവൂ എന്നാണ് ചട്ടം. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് കേഡര്‍ റിവ്യൂ യോഗം സാധാരണ നടക്കാറുള്ളത്. 2016 ലാണ് മുമ്പ് യോഗം ചേര്‍ന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. 

വിജിലന്‍സ് ഡയറക്ടറായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് ചട്ടവിരുദ്ധമായാണെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ പൊലീസ് റൂള്‍ പ്രകാരം ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.

ലീവ് വേക്കന്‍സിയില്‍ ആറുമാസത്തേക്ക് നിയമിക്കുന്നതിന് പോലും ഇത് ബാധകമാണ്. എന്നാല്‍ ബെഹ്‌റ 11 മാസമായി വിജിലന്‍സ് ഡയറക്ടറായി തുടരുന്നു. അതേസമയം ബെഹ്‌റയുടെ നിയമനത്തിന് അനുമതി തേടിയിട്ടില്ലെന്ന് മാത്രമല്ല, കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്ന് വിവരാവകാശ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.  

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കൂടാതെ ഏഴ് ഡിജിപിമാരാണ് കേരളത്തിലുള്ളത്. ഇത്രയും ഡിജിപിമാര്‍ നിലവിലുള്ളപ്പോള്‍  പ്രധാന കേഡര്‍ തസ്തിക തരംതാഴ്ത്തുന്നതിന്റെ കാരണം കത്തില്‍ സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. മികച്ച ഉദ്യോഗസ്ഥരുടെ അഭാവം എന്നത്, മറ്റുള്ള ഡിജിപിമാരിലുള്ള അവിശ്വാസമായും ഐപിഎസുകാര്‍ വിലയിരുത്തുന്നു.

അതേസമയം ബെഹ്‌റയെ പോലെ വിശ്വസ്തനായ ഒരാളെ ലഭിക്കാത്തതാണ് മറ്റൊരാളെ വിജിലന്‍സ് ഡയറക്ടറാക്കാത്തതിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. എന്തുകൊണ്ടാണ് വിജിലന്‍സില്‍ സ്വതന്ത്ര ഡയറക്ടറെ നിയമിക്കാത്തതെന്ന് കേരള ഹൈക്കോടതിയും സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com