ഇന്ത്യയെ ഹിറ്റ്‌ലറുടെ ജര്‍മ്മനിയാക്കാന്‍ ആര്‍എസ്എസ് നീക്കം; മോഹന്‍ ഭാഗവത് മാപ്പുപറയണമെന്ന് പിണറായി

രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ സമാന്തരമായൊരു സൈനിക സംവിധാനം ഒരുക്കാമെന്ന ആര്‍എസ്എസ്സിന്റെ അജന്‍ഡയാണ് പ്രസ്താവനയിലൂടെ വെളിവാകുന്നത്
ഇന്ത്യയെ ഹിറ്റ്‌ലറുടെ ജര്‍മ്മനിയാക്കാന്‍ ആര്‍എസ്എസ് നീക്കം; മോഹന്‍ ഭാഗവത് മാപ്പുപറയണമെന്ന് പിണറായി

തിരുവനന്തപുരം: രാജ്യത്ത് മൂന്ന് ദിവസം കൊണ്ട് ഒരു സൈന്യത്തെ ആര്‍എസ്എസിന് ഉണ്ടാക്കാന്‍ കഴിയുമെന്ന മോഹന്‍ ഭാഗവതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയ്ക്ക് എതിരാണ് ഭാഗവതിന്റെ പ്രസ്താവനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനാപരമായ സ്ഥാപനങ്ങളോട് ആര്‍എസ്എസ്സിന് യാതൊരു വിധ ബഹുമാനവും ഇല്ലെന്നതാണ് പ്രസ്താവന തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ സമാന്തരമായൊരു സൈനിക സംവിധാനം ഒരുക്കാമെന്ന ആര്‍എസ്എസ്സിന്റെ അജന്‍ഡയാണ് പ്രസ്താവനയിലൂടെ വെളിവാകുന്നത്. മുസ്സോളിനിയുടെ ഇറ്റലിയായും, ഹിറ്റ്‌ലറുടെ ജര്‍മ്മനിയായും ഇന്ത്യയെ മാറ്റാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. നമ്മള്‍ എന്നും ആശങ്കപ്പെട്ടിരുന്ന സമാന്തരമായ സൈനിക സംവിധാനത്തെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. വഞ്ചനാത്മകമായ പ്രസ്താവനയ്ക്ക് ഭാഗവത് മാപ്പു പറയണം. സൈന്യത്തെ താഴ്ത്തിക്കെട്ടുന്ന ഭാഗവതിന്റെ പരാമര്‍ശത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് മൂന്ന് ദിവസം കൊണ്ട് സൈന്യത്തെ ഉണ്ടാക്കാന്‍ ആര്‍എസ്എസ്സിന് കഴിയുമെന്നായിരുന്നു ഭാഗവതിന്റെ പരാമര്‍ശം. സൈന്യത്തിന് പോലും ഇതിനായി ആറോ എട്ടോ മാസം പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍എസ്എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

'രാഷ്ട്രീയ സ്വയം സേവക സംഘം ഒരു സൈനിക സംഘടനയല്ല. എന്നാല്‍ സൈനികര്‍ക്ക് സമാനമായ അച്ചടക്കം തങ്ങള്‍ക്കുണ്ടെന്ന് ആര്‍എസ്എസ് തലവന്‍ അവകാശപ്പെട്ടു. അടിയന്തര ഘട്ടത്തില്‍ രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍എസ്എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. രാജ്യത്തിന് വേണ്ടി പോരാടേണ്ട സാഹചര്യമുണ്ടായാല്‍ ദിവസങ്ങള്‍ക്കകം സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍എസ്എസിന് കഴിയുമെന്നും ഭാഗവത് അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com