ഗൗരി നേഘയുടെ ആത്മഹത്യ: അധ്യാപകരെ സ്വീകരിച്ച പ്രിന്‍സിപ്പലിന് നിര്‍ബന്ധിത അവധി; ഒത്തുകളിയെന്ന് പിതാവ് 

ഗൗരി നേഘയുടെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം സ്വീകരിച്ചതിന് കര്‍ശന നടപടിയുമായി കൊല്ലം ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ്.  
ഗൗരി നേഘയുടെ ആത്മഹത്യ: അധ്യാപകരെ സ്വീകരിച്ച പ്രിന്‍സിപ്പലിന് നിര്‍ബന്ധിത അവധി; ഒത്തുകളിയെന്ന് പിതാവ് 

കൊല്ലം: ഗൗരി നേഘയുടെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം സ്വീകരിച്ചതിന് കര്‍ശന നടപടിയുമായി കൊല്ലം ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ്.  പ്രിന്‍സിപ്പലിനോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്റ നിര്‍ദേശിച്ചു.  പ്രിന്‍സിപ്പലിന്റെ കാലാവധി തീരാന്‍ ഒന്നരമാസം മാത്രം അവശേഷിക്കേയാണ് നടപടി. കേക്ക് മുറിച്ച ചടങ്ങില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് മാനേജ്‌മെന്റ് കര്‍ശന താക്കീതും നല്‍കി.

അതേസമയം ഇത് ഒത്തുകളിയാണെന്ന് ഗൗരി നേഘയുടെ പിതാവ് ആരോപിച്ചു. ശമ്പളത്തോടുകൂടിയുളള അവധിയാണ് പ്രിന്‍സിപ്പലിന് അനുവദിച്ചതെന്ന് ചൂണ്ടികാണിച്ചായിരുന്നു പിതാവിന്റെ ആരോപണം.

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി വിദ്യാര്‍ഥിനി ഗൗരി നേഘ മരിച്ച സംഭവത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് വിവാദമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടിരുന്നു. കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. 

പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന നിര്‍ദ്ദേശം സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കൈമാറുകയും ചെയ്തു. അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡിഡിഇ കൈമാറിയ കത്തില്‍ പറയുന്നു.

കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്‍സ് നേവിസ് എന്നീ അധ്യാപകരെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ആഘോഷപൂര്‍വം സ്‌കൂളില്‍ തിരിച്ചെടുക്കുകയും സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് ശമ്പളം നല്‍കാനും തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com