പള്‍സര്‍ സുനിക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സ്‌പെഷല്‍ വിഭവങ്ങള്‍ ; സഹതടവുകാരന്‍ പിടിയില്‍

ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി തയ്യാറാക്കിയിരുന്ന സ്‌പെഷല്‍ വിഭവങ്ങളാണ് ഇയാള്‍, സുനിക്ക് രഹസ്യമായി നല്‍കിയിരുന്നത്
പള്‍സര്‍ സുനിക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സ്‌പെഷല്‍ വിഭവങ്ങള്‍ ; സഹതടവുകാരന്‍ പിടിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ സ്‌പെഷല്‍ മീന്‍കറി. ജയില്‍ അടുക്കളയിലെ പിന്‍വാതിലിലൂടെ സ്‌പെഷല്‍ വിഭവങ്ങള്‍ നല്‍കിയിരുന്ന സഹതടവുകാരനെ ജയില്‍ അധികൃതര്‍ കയ്യോടെ പിടികൂടി. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി തയ്യാറാക്കിയിരുന്ന സ്‌പെഷല്‍ വിഭവങ്ങളാണ് ഇയാള്‍, ജയില്‍ അടുക്കളയ്ക്കു ചേര്‍ന്നുള്ള സെല്ലില്‍ കഴിയുന്ന സുനിക്ക് രഹസ്യമായി നല്‍കിയിരുന്നത്. 

ജയില്‍ അധികൃതര്‍ക്കായി ഉണ്ടാക്കുന്ന സ്‌പെഷല്‍ മീന്‍കറി അഴികള്‍ക്കിടയിലൂടെ സുനിക്ക് നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് അധികൃതര്‍ പിടികൂടിയത്. അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ഇയാളെ ഈ ചുമതലയില്‍നിന്നും നീക്കി. മയക്കുമരുന്ന് കടത്തുകേസിലെ പ്രതിയാണ് ഇയാള്‍.സുനിയുടെ അഭിഭാഷകന്റെ സുഹൃത്താണ് ഇയാള്‍ക്കു വേണ്ടി ഹാജരാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസം മുന്‍പ് രണ്ടുപേരുടെയും അഭിഭാഷകര്‍ ജയിലിലെത്തി ഒരു മണിക്കൂറിലേറെ ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

സ്ഥിരം കൂടിക്കാഴ്ചാ സ്ഥലം ഒഴിവാക്കി, ഓഫിസ് മുറിയില്‍ ഇവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയിരുന്നതായും ആക്ഷേപമുണ്ട്. അന്നു മുതലാണ് ജയിലില്‍ സുനിക്ക് പ്രത്യേക സൗകര്യങ്ങള്‍ ലഭിച്ചു തുടങ്ങിയതെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരേ അടുക്കളയിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. എന്നാല്‍ പാചകരീതിയില്‍ വ്യത്യാസമുണ്ട്. തടവുകാര്‍ക്ക് പുഴുങ്ങിയ മീനും ചാറും വെവ്വേറെയായാണ് മീന്‍കറി നല്‍കുന്നത്. മീനിന്റെ എണ്ണത്തെ ചൊല്ലി തര്‍ക്കം ഉണ്ടാകാതിരിക്കുക ലക്ഷ്യമിട്ടാണ് ഈ രീതി പിന്തുടരുന്നതെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. 

അതേസമയം ജീവനക്കാര്‍ക്ക് സാധാരണ രീതിയില്‍ മീന്‍ കറി തയ്യാറാക്കുന്നു. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പള്‍സര്‍ സുനി അടുക്കളയോട് ചേര്‍ന്നുള്ള സെല്‍ സംഘടിപ്പിച്ചതെന്നാണ് സൂചന. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുനിക്ക് വഴിവിട്ട സഹായങ്ങള്‍ കിട്ടുന്നുണ്ടെന്ന ആക്ഷേപം സജീവമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com