വിജിലന്‍സിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ലോക്നാഥ് ബെഹ്‌റ; ആര്‍. ശ്രീലേഖ വിജിലൻസ് ഡയറക്ടറായേക്കും

വിജിലന്‍സിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ലോക്നാഥ് ബെഹ്‌റ; ആര്‍. ശ്രീലേഖ വിജിലൻസ് ഡയറക്ടറായേക്കും

ശ്രീലേഖയ്ക്കുപുറമേ, ഷേഖ് ദര്‍വേഷ് സാഹേബ്, ഋഷിരാജ് സിങ്,  മുഹമ്മദ് യാസിന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്

തിരുവനന്തപുരം : സംസ്ഥാന വിജിലന്‍സിന്റെ സ്വതന്ത്രചുമതലയുള്ള മേധാവിയെ ഉടൻ നിയമിച്ചേക്കും. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിർണായകമായ വിജിലൻസിൽ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാർട്ടികളുടെയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്ന കാര്യം ആഭ്യന്തര വകുപ്പ് ഊർജ്ജിതമാക്കിയത്. ജയിൽ ഡിജിപി ആർ ശ്രീലേഖയെ വിജിലൻസ് ഡയറക്ടർ ആക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഏകദേശ ധാരണയായതായി റിപ്പോർട്ടുണ്ട്. 

വിജിലന്‍സിലെ ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെഹ്റ സർക്കാരിന് കത്തുനൽകി. ജോലിഭാരം മൂലം വിജിലൻസിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ലെന്നാണ് ബെഹ്റയുടെ വാദം. വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല ഒഴിവാക്കണമെന്ന് ബെഹ്റ മുമ്പും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരി​ഗണിച്ചാണ് സർക്കാർ നീക്കം. ഇന്നത്തെ മന്ത്രിസഭായോ​ഗം പുതിയ വിജിലൻസ് ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമെടുത്തേക്കും.

ശ്രീലേഖയ്ക്കുപുറമേ, വിജിലന്‍സ് എ.ഡി.ജി.പി. ഷേഖ് ദര്‍വേഷ് സാഹേബ്, എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ആഭ്യന്തരവകുപ്പ് പരിഗണിക്കുന്നുണ്ട്. പുതിയ ഡയറക്ടർ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമായിരിക്കും അന്തിമം. 

സംസ്ഥാനത്തെ ആദ്യത്തെ ഐപിഎസ് ഉദ്യോ​ഗസ്ഥയാണ് ആർ ശ്രീലേഖ. ഡിജിപി റാങ്ക് ലഭിക്കുന്ന ആദ്യ വനിത കൂടിയാണ് അവർ. ഇപ്പോൾ ജയിൽ ഡിജിപിയായി സേവനം അനുഷ്ഠിക്കുന്ന ശ്രീലേഖ, നേരത്തെ സി.ബി.ഐ.യില്‍ സൂപ്രണ്ടായി നാലുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ബാച്ച് ഐപിഎസ് ഉദ്യോ​ഗസ്ഥയായ ശ്രീലേഖയ്ക്ക് മൂന്നുവര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്.

ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചതോടെയാണ് ലോക്നാഥ് ബെഹ്റയ്ക്ക് വിജിലനൻസ് ഡയറക്ടറുടെ അധിക ചുമതല സർക്കാർ നൽകിയത്. പിന്നീട് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തും സ്ഥിരപ്പെടുത്തി. 11 മാസമായി ബെഹ്റ വിജിലൻസ് മേധാവിയായി തുടരുകയാണ്. ബെഹ്റയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 

അതിനിടെ വിജിലൻസ് ഡയറക്ടറുടെ പദവി എക്സ് കേഡർ ആയി തരംതാഴ്ത്തി എഡിജിപി റാങ്കിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനാണ് കത്ത് നൽകിയത്. കേന്ദ്രസർക്കാരിന്റെ പാത പിന്തുടർന്ന്,  സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപവത്കരിക്കാൻ നിയമനിര്‍മാണം നടന്നുവരികയാണ്. ചീഫ് സെക്രട്ടറി റാങ്കിലുള്ള മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനോ ഹൈക്കോടതി ജഡ്ജിയോ ആയിരിക്കും അധ്യക്ഷന്‍. അതിനാൽ വിജിലൻസ് ഡയറക്ടർ പദവി കേഡർ പദവിയായി നിലനിർത്തേണ്ടതില്ലെന്നാണ് കേരള സർക്കാരിന്റെ വാദം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com