ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പു നല്‍കിയിരുന്നു : ബിജു രമേശ്

ബാര്‍ കോഴയിലെ ഓഡിയോ അനലൈസ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല
ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പു നല്‍കിയിരുന്നു : ബിജു രമേശ്

തിരുവനന്തപുരം : ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നു. ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടിയേരി നേരിട്ടെത്തിയാണ് ഉറപ്പ് നല്‍കിയതെന്നും ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കെ എം മാണിക്കെതിരായ ബാര്‍കോഴ ആരോപണം തെളിയിച്ചാല്‍ ബാറുകള്‍ തുറന്നുതരാമെന്നായിരുന്നു വാഗ്ദാനം. ഞാനുണ്ടായിരുന്നു. ഉണ്ണിയുണ്ടായിരുന്നു കൃഷ്ണദാസുണ്ടായിരുന്നു. ' നിങ്ങള്‍ ഇത് തെളിയിക്കൂ. എങ്കില്‍ ഞങ്ങള്‍ അധികാരത്തില്‍ വരും. അപ്പോള്‍ ബാറുകള്‍ തുറന്നുതരാം'  എന്ന് കോടിയേരി പറഞ്ഞുവെന്ന് ബിജു രമേശ് വ്യക്തമാക്കി. എന്നാല്‍ ആര്‍എസ്പിയും ജനതാദളുമൊന്നും കൂടെയില്ലാത്തതിനാല്‍ ഇടതുമുന്നണി അധികാരത്തിലെത്തില്ല എന്നായിരുന്നു ഉണ്ണിയും കൃഷ്ണദാസും കരുതിയിരുന്നത്. എല്‍ഡിഎഫിന് 40 സീറ്റുപോലും ലഭിക്കില്ലെന്നായിരുന്നു ഇവര്‍ വിചാരിച്ചിരുന്നതെന്നും ബിജു രമേശ് പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ എല്ലാവരും മൊഴി നല്‍കിയതാണ്. ഇപ്പോള്‍ ആരും മൊഴി നല്‍കാനെത്തുന്നില്ലെന്നാണ് വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്. എന്തിനാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കള്ളം പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ബിജു രമേശ് പറഞ്ഞു. കോഴക്കേസ് സംബന്ധിച്ച തെളിവുകള്‍ തങ്ങള്‍ കൈമാറി. എഡിറ്റ് ചെയ്തതും അല്ലാത്തതുമായ വീഡിയോ അടക്കമുള്ള തെളിവുകള്‍ കൈമാറിയിരുന്നു. 

ബാര്‍കോഴയിലെ ഓഡിയോ അനലൈസ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഞാന്‍ കൊടുത്ത ഡീവൈസിലെ ശബ്ദം ആരുടേതാണെന്ന് അനലൈസ് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. ഇപ്പോള്‍ പറയുന്നത് ഞാന്‍ കൊടുത്ത സിഡി എഡിറ്റഡാണെന്നാണ്. സിഡി എഡിറ്റഡാണെന്ന് പറഞ്ഞുതന്നെയാണ് കൊടുത്തിരുന്നത്. വിഎം സുധീരനെതിരെ അടക്കം നിരവധി കാര്യങ്ങള്‍ ഓഡിയോയിലുണ്ട്. എന്നാല്‍ ആവശ്യമുള്ള കാര്യങ്ങള്‍ മതിയല്ലോ എന്നുവിചാരിച്ച് സാമ്പത്തിക കാര്യങ്ങള്‍ മാത്രമുള്ള ഭാഗങ്ങലാണ് സിഡിയില്‍ നല്‍കിയത്. പിന്നീട് ഒറിജിനല്‍ ഓഡിയോ ക്ലിപ്പും നല്‍കിയിരുന്നു. 

എന്നാല്‍ ഇപ്പോള്‍ അതെല്ലാം മുക്കി. അന്വേഷണം ഇഴയുകയാണ്. തങ്ങളുടെ ജീവനും സ്വത്തും പണയപ്പെടുത്തിയാണ് തെളിവുകള്‍ കൈമാറിയത്.തെളിവുകളെല്ലാം ഇപ്പോള്‍ മാണിയുടെ പക്കല്‍ എത്തിക്കാണുമെന്നും ബിജു രമേശ് ആരോപിച്ചു.  വിജിലന്‍സിനെ കൊണ്ട് അഴിമതി തെളിയിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും ബിജു രമേശ് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com