ഗൗരിയുടെ ആത്മഹത്യ: കുറ്റക്കാരെ കേക്ക് മുറിച്ച് വരവേറ്റ പ്രിന്‍സിപ്പല്‍ രാജിവെച്ചു

അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പല്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കും 
ഗൗരിയുടെ ആത്മഹത്യ: കുറ്റക്കാരെ കേക്ക് മുറിച്ച് വരവേറ്റ പ്രിന്‍സിപ്പല്‍ രാജിവെച്ചു

കൊല്ലം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തിലായ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രാജിവച്ചു. പ്രിന്‍സിപ്പല്‍ ജോണാണ് രാജിവെച്ചത്. നേരത്തെ ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത സംഭവത്തില്‍ കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചിരുന്നു.

അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പല്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നത്.

പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡി.ഡി.ഇ കൈമാറിയ കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവമാണ് ഗൗരി നേഹയുടെ ആത്മഹത്യ. സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ആഘോഷപൂര്‍വ്വം സ്‌കൂളില്‍ തിരിച്ചെടുക്കുകയും സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് ശമ്പളം നല്‍കാനും തീരുമാനിച്ചിരുന്നു.

കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയും എല്ലാ ആനുകൂല്യങ്ങളും നല്‍കിയും അധ്യാപകരെ തിരിച്ചെടുക്കാന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലാണ് തീരുമാനിച്ചത്. പല തവണ വിശദീകരണം ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സൂചന ലഭിച്ചതോടെയാണ് പ്രിന്‍സിപ്പല്‍ രാജിവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com