പോര് തുടരുന്നതിനിടെ കാനവും മാണിയും മുഖാമുഖം; തേക്കിന്‍കാട് മൈതാനിയില്‍ എന്ത് സംഭവിക്കും? 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയും തമ്മില്‍ വാക്‌പോര് തുടരവേ ഇരു നേതാക്കളും മുഖാമുഖം വരുന്നു
പോര് തുടരുന്നതിനിടെ കാനവും മാണിയും മുഖാമുഖം; തേക്കിന്‍കാട് മൈതാനിയില്‍ എന്ത് സംഭവിക്കും? 

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയും തമ്മില്‍ വാക്‌പോര് തുടരവേ ഇരു നേതാക്കളും മുഖാമുഖം വരുന്നു, അതും സിപിഎം വേദിയില്‍. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരില്‍ നടക്കുന്ന സെമിനാറിലാണ് ഇരു നേതാക്കളും മുഖാമുഖമെത്തുന്നത്. 23 തേക്കിന്‍കാട് മൈതാനത്താണ് കേരളത്തിന്റെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നത്. 

കാനത്തിനും മാണിക്കും പുറമേ ആര്‍. ബാലകൃഷ്ണപിള്ള, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി.പി പീതാംബരന്‍, എം.കെ കണ്ണന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

ഇടതു മുന്നണിക്ക് പുറമേ നിന്ന് കെ.എം മാണിക്ക് മാത്രമാണ് ക്ഷണമുള്ളത്. സിപിഎം സമ്മേളനങ്ങളോട് അനുബന്ധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് സംവാദങ്ങള്‍ക്ക് നേതാക്കളെ ക്ഷണിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ പതിവ് തെറ്റിച്ചു. കേരള കോണ്‍ഗ്രസ് എംനെ മാത്രം സംവാദത്തിന് ക്ഷണിച്ചിരിക്കുന്നത് എല്‍ഡിഎഫിലേക്ക് മാണിയുടെ പ്രവേശനം എളുപ്പമാക്കാനാണ് എന്നാണ് സിപിഐ സംശയിക്കുന്നത്. ഇത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മാണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കാനം അഴിച്ചുവിട്ടത്. കാനത്തിന്  കടുത്ത ഭാഷയില്‍ത്തന്നെ മാണിയും മറുപടി നല്‍കിയിരുന്നു. ഇരുനേതാക്കളും മുഖാമുഖം എത്തുന്നതോടെ ഇടതു മുന്നണിക്കകത്ത് പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്‌നം പൊട്ടിത്തെറിയില്‍ കലാശിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com