ഷുഹൈബിന്റെ കൊലയ്ക്ക് മുമ്പ് കൊടി സുനി അടക്കം ടിപി കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കി ; കൊല നടത്തിയത് ടിപിയെ കൊന്ന രീതിയിലെന്നും രമേശ് ചെന്നിത്തല

ടിപി വധക്കേസിലെ മുഖ്യപ്രതി കൊടി സുനി അടക്കം 19 പ്രതികള്‍ക്കാണ് പരോള്‍ നല്‍കിയത്. ഇതിന്റെ തെളിവുകളും പുറത്തുവിട്ടു
ഷുഹൈബിന്റെ കൊലയ്ക്ക് മുമ്പ് കൊടി സുനി അടക്കം ടിപി കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കി ; കൊല നടത്തിയത് ടിപിയെ കൊന്ന രീതിയിലെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം : കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ അടക്കം 19 പേര്‍ക്ക് സര്‍ക്കാര്‍ പരോള്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടിപി വധക്കേസിലെ മുഖ്യപ്രതി കൊടി സുനി അടക്കം 19 പ്രതികള്‍ക്കാണ് പരോള്‍ നല്‍കിയത്.  ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല പരോള്‍ അനുവദിച്ചതെന്നും, സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

ടിപിയെ കൊലപ്പെടുത്തിയ അതേരീതിയില്‍ തന്നെയാണ് ഷുഹൈബിനെയും കൊന്നത്. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും പ്രതികളെ പിടിക്കാന്‍ പൊലീസിനായില്ല. കൊലയാളികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിക്ക് താല്‍പ്പര്യം. മുഖ്യമന്ത്രിയുടെ മൗനം കൊലയാളികള്‍ക്ക് പ്രോത്സാഹനമാണ്. ഡമ്മി സ്ഥാനാര്‍ത്ഥികളെ കിട്ടാനാണ് പൊലീസ് കാത്തിരിക്കുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തെ ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

സമീപദിവസങ്ങളില്‍ പരോളിലിറങ്ങിയവരുടെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിക്കണം. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം എന്നതിനാല്‍ കേസില്‍ യുഎപിഎ ചുമത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. പരോളിലിറങ്ങിയ തടവുകാര്‍ ഗൂഢാലോചന നടത്തിയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെയും ചെന്നിത്തല ആരോപിച്ചിരുന്നു. 

അതേസമയം, ഷുഹൈബ് കൊലക്കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം പറഞ്ഞു. കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ല. ശരിയായ ദിശയിലാണ് പ്രത്യേക അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനാണ് അന്വേഷണസംഘം പൂര്‍ണ ശ്രദ്ധ നല്‍കുന്നതെന്നും ശിവവിക്രം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com