'ഈ പരസ്യക്കാരെക്കൊണ്ട് തോറ്റു'; കൊച്ചി മെട്രൊയില്‍ വെച്ച് പരസ്യം പിടിക്കാന്‍ മത്സരിച്ച് കമ്പനികള്‍

ഒരു മണിക്കൂര്‍ ഷൂട്ട് ചെയ്യാന്‍ നിലവില്‍ ഒരു ലക്ഷം രൂപയാണ് കെഎംആര്‍എല്‍ ഈടാക്കുന്നത്
'ഈ പരസ്യക്കാരെക്കൊണ്ട് തോറ്റു'; കൊച്ചി മെട്രൊയില്‍ വെച്ച് പരസ്യം പിടിക്കാന്‍ മത്സരിച്ച് കമ്പനികള്‍

മുന്‍പ് കൊച്ചി നഗരത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസില്‍ ആദ്യം വരുന്നത് തിരക്കുള്ള റോഡുകളും ഷോപ്പിംഗ് മാളുകളുമെല്ലാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചിക്ക് വികസനത്തിന്റെ മുഖമാണ്. കേരളത്തിന്റെ തന്നെ അഭിമാനമായ കൊച്ചി മെട്രോയാണ് നഗരത്തിന്റെ പ്രതിനിധി. ഇതോടെ പരസ്യങ്ങളുടേയും സിനിമകളുടേയും പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായി മാറിയിരിക്കുകയാണ് മെട്രോ. 

മെട്രൊയെ ഉപയോഗിച്ച് ബ്രാന്‍ഡ് നെയിമിന്റെ ശക്തി കൂട്ടാനുള്ള തിരക്കിലാണ് വിവിധ കമ്പനികള്‍. യുവാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ മെട്രൊയെ പ്രധാന യാത്രാമാര്‍ഗമായി ഉപയോഗിച്ചുതുടങ്ങിയതോടെ അവരെ ആകര്‍ഷിക്കുന്നതിനായാണ് മെട്രൈായെ ഉപയോഗിക്കുന്നത്. മെട്രൊ സ്‌റ്റേഷനുള്ളില്‍ ഷൂട്ടിംഗ് നടത്താന്‍ അനുവാദം ചോദിച്ച് ഇതിനോടകം നിരവധി പേര്‍ ബന്ധപ്പെട്ടതായി കെഎംആര്‍എല്‍ വക്താവ് വ്യക്തമാക്കി. 

വിവിധ സിനിമകളുടെ സംവിധായകരുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെയാണ് സിനിമ ഷൂട്ട് ചെയ്യുന്നതെന്ന് ഉറപ്പാക്കുമെന്നും വക്താവ് പറഞ്ഞു. ഷൂട്ടിംഗിന് പ്രത്യേകമായി മറ്റൊരു ട്രെയിന്‍ അനുവദിക്കാനാണ് കെഎംആര്‍എല്ലിന്റെ തീരുമാനം. ട്രെയിനുകള്‍ നിര്‍ത്തിയിടുന്ന മുട്ടം സ്റ്റേഷനെ ഇതിനായി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. മെട്രൊയുടെ പശ്ചാത്തലത്തില്‍ പരസ്യവും സിനിമയും എടുക്കാന്‍ ഉദ്ദ്യേശിക്കുന്നവര്‍ മുന്‍കൂട്ടി കെഎംആര്‍എല്ലിനെ തിയതി അറിയിക്കണം. 

ഒരു മണിക്കൂര്‍ ഷൂട്ട് ചെയ്യാന്‍ നിലവില്‍ ഒരു ലക്ഷം രൂപയാണ് ഈടാക്കുന്നത്. തുടക്കമായതിനാലാണ് ഒരു ലക്ഷം മാത്രം വാങ്ങുന്നത്. ഭാവിയില്‍ ഇത് രണ്ട് ലക്ഷമായി ഉയര്‍ത്താനാണ് കെഎംആര്‍എല്ലിന്റെ തീരുമാനം. ട്രെയ്‌നിന്റെ ഉള്ളില്‍ ചിത്രീകരണം നടത്താനുള്ള ചാര്‍ജ് ഇതിലും കൂടുതലായിരിക്കും. മെട്രൊയില്‍ ഷൂട്ട് ചെയ്ത ഈസ്റ്റീ, ചുങ്കത്ത് ജ്വല്ലറി എന്നിവയുടെ പരസ്യം ഇതിനോടകം പുറത്തുവന്നു. ഏഷ്യന്‍ പെയ്ന്റ്‌സിന്റെ പരസ്യം ഇതുവരെ പുറത്തുവന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com