ശുഹൈബിനെ കൊന്നത് പാര്‍ട്ടിക്കാരെങ്കില്‍ നടപടിയെടുക്കുമെന്ന് കോടിയേരി

സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. ശുഹൈബ് വധം പാര്‍ട്ടി ആസൂത്രണം ചെയ്ത സംഭവമല്ല. കൊലപാതകം അപലപനീയമാണ്. ഒരു കാരണാവശാലും കൊലപാതകത്തെ പാര്‍ട്ടി അനുകൂലിക്കുന്നില്ല
ശുഹൈബിനെ കൊന്നത് പാര്‍ട്ടിക്കാരെങ്കില്‍ നടപടിയെടുക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ്  ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ പൊലീസിനു മുന്‍പില്‍ ഹാജരായ രണ്ടു പ്രതികളും സിപിഎം നേതാക്കളുടെ കൂടെ നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഈ പശ്ചത്താലത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.


സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. ശുഹൈബ് വധം പാര്‍ട്ടി ആസൂത്രണം ചെയ്ത സംഭവമല്ല. കൊലപാതകം അപലപനീയമാണ്. ഒരു കാരണാവശാലും കൊലപാതകത്തെ പാര്‍ട്ടി അനുകൂലിക്കുന്നില്ല. അതിനു വിഘാതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് കോടിയേരി വ്യക്തമാക്കി.സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനു മുന്‍പില്‍ കീഴടങ്ങിയിരുന്നു. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവരാണു മാലൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുന്നു. ഇവരുടെ സുഹൃത്ത് ശ്രീജിത്തിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീജിത്തില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വിളിച്ചു വരുത്തിയതാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. സിപിെഎം പ്രവര്‍ത്തകര്‍ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയതോടെ പാര്‍ട്ടി പ്രതിരോധത്തിലായി.

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണു മൂന്നു പേരും. ഇവര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ല എന്നാണു സൂചന. അതേസമയം, കൊലപാതകം നടന്ന് ആറു ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് നാളെ മുതല്‍ സമരം ശക്തിപ്പെടുത്താനിരിക്കെ, സിപിഐഎം നേതൃത്വം ഡമ്മി പ്രതികളെ ഇറക്കിയതാണെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. സംഭവത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം സമരങ്ങള്‍ ശക്തമാക്കി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ യുഡിഎഫ് നീക്കം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com