ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് സിപിഎം ബന്ധം?; മലയോര മേഖലയില്‍ തെരച്ചില്‍ നടത്തി പൊലീസ്

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ എല്ലാം സിപിഎം ബന്ധമുള്ളവരെന്നു സൂചന
ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് സിപിഎം ബന്ധം?; മലയോര മേഖലയില്‍ തെരച്ചില്‍ നടത്തി പൊലീസ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ എല്ലാം സിപിഎം ബന്ധമുള്ളവരെന്നു സൂചന. പ്രദേശവാസികളാണ് കൊലക്ക് പിന്നില്‍ എന്ന് വിവരം ലഭിച്ചിരുന്നു. ഇവരിലൊരാള്‍ സിപിഎം ജില്ലാ നേതാവിന്റെ ബന്ധുവും  മറ്റൊരാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആളുമാണെന്നും വിവരമുണ്ട്. അതേസമയം, കൊലപാതകം നടന്ന് ആറു ദിവസമായിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. 


പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാവിലെ പത്തു മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കും. ഇതേ ആവശ്യവുമായി കോണ്‍ഗ്രസ് നേതാവു കെ.സുധാകരന്‍ നാളെ രാവിലെ കണ്ണൂരില്‍ 48 മണിക്കൂര്‍ നിരാഹാരസമരവും തുടങ്ങാനിരിക്കുകയാണ്. യഥാര്‍ഥ പ്രതികളെ പൊലീസ് പിടികൂടുമെന്നു വിശ്വാസമില്ലാത്ത സാഹചര്യത്തില്‍, സിബിഐ അന്വേഷണം വേണമെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട് അഞ്ചു ദിവസമായിട്ടും വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും പരാതിയുണ്ട്.

അതേസമയം, പ്രതികളെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണു പൊലീസ് ഭാഷ്യം. അക്രമികള്‍ക്കു പ്രാദേശിക സഹായം നല്‍കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയിലുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു വരുന്നുവെന്നും പൊലീസ് അറിയിച്ചു. 


പേരാവൂര്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനമേഖലകളായ  മുഴക്കുന്ന് മുടക്കോഴി മലയിലും തില്ലങ്കേരി മേഖലയിലെ മച്ചൂര്‍ മലയിലും പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഒളിച്ചിരുന്ന ഇടമാണ് മുടക്കോഴി മല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com